ഇങ്ങനെയും സ്വര്‍ണം കടത്താം…! സ്വര്‍ണക്കടത്തിനു പുതിയ തന്ത്രവുമായി മാഫിയ

bis-goldനെടുമ്പാശേരി: കൊച്ചി അന്താരാഷ്ര്ട വിമാനത്താവളം വഴി ഇടക്കാലത്തു നിലച്ച സ്വര്‍ണക്കള്ളക്കടത്ത് പുതിയരീതിയില്‍ വീണ്ടും സജീവമാകുന്നു. നേരത്തെ ബാഗിന്റെ രഹസ്യഅറകളിലും വസ്ത്രങ്ങള്‍ക്കുള്ളിലും ഇലകട്രോണിക് ഉപകരണങ്ങള്‍ക്കകത്തും ഒളിപ്പിച്ചാണു സ്വര്‍ണം കൊണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഈരീതി പാടേ ഉപേക്ഷിച്ചനിലയിലാണ്.

കൊച്ചിയില്‍ വന്നശേഷം ആഭ്യന്തര ഫ്‌ളൈറ്റായി പോകുന്ന ഗള്‍ഫ് മേഖലയില്‍നിന്നു വരുന്ന ചില അന്താരാഷ്ര്ട വിമാനങ്ങളാണു പുതിയരീതിയിലുള്ള സ്വര്‍ണക്കള്ളക്കടത്തിനു മാഫിയാസംഘങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഗള്‍ഫില്‍നിന്നു വരുന്ന അന്താരാഷ്ര്ട യാത്രക്കാരന്‍ കൊച്ചിയില്‍ ഇറങ്ങുമ്പോള്‍ കൊണ്ടുവന്ന കള്ളക്കടത്ത് സ്വര്‍ണം വിമാനത്തിനകത്തു നിശ്ചിതസ്ഥലങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കും.

കൊച്ചിയില്‍ തയാറായി നില്‍ക്കുന്ന ഇവരുടെ സംഘത്തില്‍പ്പെട്ടയാള്‍ ഇതേ വിമാനത്തില്‍ ആഭ്യന്തര യാത്രക്കാരനായി കയറും.

സ്വര്‍ണം ഒളിപ്പിച്ചു വച്ചിട്ടുള്ള സ്ഥലത്തെ സംബന്ധിച്ച് ഇയാള്‍ക്കു വ്യക്തമായ അറിയിപ്പ് നേരത്തെ നല്‍കിയിട്ടുണ്ടാകും. വിമാനത്തില്‍ കയറുമ്പോള്‍തന്നെ കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയായ ആഭ്യന്തര യാത്രക്കാരന്‍ ഒളിപ്പിച്ചുവച്ച സ്വര്‍ണം തന്റെ ബാഗിലാക്കും. ഇയാള്‍ കൊച്ചിയില്‍നിന്നുള്ള യാത്രക്കാരനായതിനാല്‍ രാജ്യത്തെ മറ്റേതു വിമാനത്താവളം വഴിയും കസ്റ്റംസ് പരിശോധന കൂടാതെ പുറത്തേക്കു പോകാന്‍ കഴിയും.

ഈവിധത്തില്‍ ഒളിപ്പിച്ചുവച്ച സ്വര്‍ണമാണു കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്നും ടോയ്‌ലറ്റില്‍നിന്നും ഫ്‌ളഷ് ടാങ്കില്‍നിന്നുമായി കസ്റ്റംസ് കണ്ടെടുത്തത്. ഞായറാഴ്ച രാത്രി ദുബായില്‍നിന്നു കൊച്ചിയിലെത്തി ചെന്നൈയ്ക്കു പോകുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റില്‍നിന്നു 3.60 കിലോഗ്രാം സ്വര്‍ണാഭരണം പിടികൂടിയിരുന്നു.

എല്ലാ വിമാനങ്ങളിലും കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ കയറി പരിശോധിക്കുന്ന പതിവില്ലാത്തതിനാല്‍ നാമമാത്രമായിട്ടാണ് ഇത്തരം കള്ളക്കടത്ത് പിടിക്കുന്നത്. ഇത്തരം കള്ളക്കടത്ത് കേസുകളിലെ ഒരു പ്രതിയേയും ഇതുവരെ ക സ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ക്കു പിടിക്കാനും കഴിഞ്ഞിട്ടില്ല. ഇതു കള്ളക്കടത്തുകാര്‍ക്കു പ്രോത്സാഹനമാകുന്നു. സ്‌പൈസ് ജെറ്റ്, ഇന്‍ഡി, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈന്‍സുകളാണ് അന്താരാഷ്ര്ട–ആഭ്യന്തര ലിങ്ക് ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നത്. ഇത്തരം ഫ്‌ളൈറ്റുകളില്‍ ഗള്‍ഫ് മേഖലയില്‍നിന്നു വന്‍തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്ന സംഘം വീണ്ടും കൊച്ചി കേന്ദ്രീകരിച്ചതായിട്ടാണു സൂചന.

ഫെറി ബസ് മുഖേന 2000 കിലോഗ്രാമിലധികം സ്വര്‍ണം കടത്തിയ കേസ് വിവാദമാകുകയും ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആരംഭിക്കുകയും ചെയ്തതിനേത്തുടര്‍ന്നു കൊച്ചി വിമാനത്താവളത്തില്‍ കള്ളക്കടത്ത് താരതമ്യേന കുറഞ്ഞിരുന്നു. കള്ളക്കടത്ത് റാക്കറ്റിന്റെ കാരിയര്‍മാര്‍ വീണ്ടും നെടുമ്പാശേരി കേന്ദ്രീകരിച്ചിട്ടുണ്ടെന്ന സൂചനകളെത്തുടര്‍ന്നു കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരിശോധന.

Related posts