ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹം പരത്തിയെന്നാരോപിച്ച് യുവതിക്കെതിരെ കേസ്. തമിഴച്ചി എന്ന ഫേസ്ബുക്ക് ഉപഭോക്താവിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചെന്നും ജയലളിതയുടെ മരണത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്നും തമിഴച്ചി ഫേസ്ബുക്കില്‍ കുറിച്ചു. അഭ്യൂഹങ്ങള്‍ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എഐഎഡിഎംകെ പരാതി നല്കിയതും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും.
കടുത്ത പനിയെ തുടര്‍ന്ന് ഒമ്പത് ദിവസമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും അടിയന്തര ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നും നവമാധ്യമങ്ങളിലടക്കം നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളോ അധികൃതര്‍ അറിയിച്ചത്.