ഇങ്ങനെയൊക്കെ ചെയ്യാമോ? നീന്തല്‍ കുളത്തില്‍ ഉപയോഗിക്കുന്നത് 15,000 ലിറ്റര്‍ വെള്ളം; ജനങ്ങള്‍ കുടിവെള്ളമില്ലാതെ അലയുമ്പോള്‍ ധോണി വെള്ളം പാഴാക്കുകയാണെന്ന് അയല്‍വാസികള്‍

Doniറാഞ്ചി: ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി വെള്ളം പാഴാക്കുകയാണെന്ന് അയല്‍വാസികള്‍. ധോണിയുടെ റാഞ്ചിയിലെ വീട്ടിലെ നീന്തല്‍ കുളത്തില്‍ ദിവസവും 15,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. കടുത്ത വരള്‍ച്ച മൂലം ജാര്‍ഖണ്ഡില്‍ ജനങ്ങള്‍ ഒരിറ്റുവെള്ളത്തിനായി അലയുമ്പോഴാണ് ധോണി കിട്ടാക്കനിയായ വെള്ളം ദുരുപയോഗം ചെയ്യുന്നതെന്നുമാണ് ആരോപണം.

തങ്ങള്‍ക്ക് നാല് കുഴല്‍ക്കിണറുകളാണുള്ളത്. എന്നാല്‍ അവയിലെ വെള്ളമെല്ലാം വറ്റിയെന്നും ധോണിയുടെ അയല്‍ക്കാര്‍ പറയുന്നു. അതേസമയം ധോണിയുടെ വീട്ടില്‍ ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നതെന്നും ധോണിയുടെ അയല്‍വാസിയായ രാജു ശര്‍മ്മ എന്നയാള്‍ പറയുന്നു. അയ്യായിരത്തോളം ജനങ്ങള്‍ പ്രദേശത്ത് വെള്ളമില്ലാതെ കഷ്ടപ്പെടുകയാണെന്നെന്നും അയല്‍വാസികള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ച് ധോണിയുടെ ഉപദേഷ്ടാവ് രംഗത്തെത്തി. ധോണി വീട്ടിലുള്ളപ്പോള്‍ മാത്രമേ നീന്തല്‍ കുളം നിറയ്ക്കാറുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

Related posts