അഗളി: കാലവര്‍ഷം അറഞ്ഞുപെയ്യുമ്പോള്‍ ഷോളയൂര്‍ പഞ്ചായത്തില്‍ മിനര്‍വയിലെ രാമചന്ദ്രന്‍- അമ്മുക്കുട്ടി വൃദ്ധ ദമ്പതികളുടെ നെഞ്ചില്‍ തീയാണ്. ഷോളയൂരില്‍നിന്നും ചിറ്റൂരിലേക്ക് നിര്‍മിക്കുന്ന മലയോര ഹൈവേക്കുവേണ്ടി മണ്ണുനീക്കിയപ്പോള്‍ രാമചന്ദ്രന്റെ വീട് റോഡില്‍ നിന്ന് മുപ്പതടിയോളം ഉയരത്തിലായി. വീടിന്റെ മുറ്റത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന കരിങ്കല്‍ കെട്ടും കഴിഞ്ഞദിവസം മഴയില്‍ ഇടിഞ്ഞുവീണു. വീടിന്റെ ഉള്ളിലും ഭിത്തിയിലും തറയിലും വിള്ളല്‍ വീണുകഴിഞ്ഞു. മണ്ണുനീക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലേക്ക് കയറാനുള്ള വഴിയും നിര്‍മിച്ചു നല്കിയിട്ടില്ല.
റോഡില്‍നിന്നും മൂന്നുമീറ്ററോളം ഉയരത്തില്‍ കരിങ്കല്‍കൊണ്ട് സംരക്ഷണഭിത്തി കെട്ടി കരാറുകാരും പണി നിര്‍ത്തി. വീടിരിക്കുന്ന പത്തുസെന്റ് സ്ഥലത്തേക്ക് കടക്കാന്‍ മാര്‍ഗമില്ലാതെ വലയുകയാണ് വൃദ്ധ ദമ്പതികള്‍.ഷോളയൂര്‍ കോട്ടമല സ്കൂളിലും പല്ലിയറയിലും ദുരിതാശ്വാകേന്ദ്രങ്ങള്‍ തുറന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായിരുന്നു. നിരവധി സന്നദ്ധസംഘടനകളും പാര്‍ട്ടി നേതൃത്വങ്ങളും വ്യക്തികളും സാമൂഹ്യസംഘടന പ്രവര്‍ത്തകരും ദുരിതാശ്വാസ കേന്ദ്രത്തിലെത്തി വസ്ത്രവും ഭക്ഷണവും വിതരണം നടത്തി.
ഓരോ തവണയും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ തിരക്കിട്ട് സ്ഥലത്തെത്തുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അത് ആവര്‍ത്തികാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. രാമചന്ദ്രന്റെ വീടുപോലെതന്നെ അപകടാവസ്ഥയിലുള്ള വേറെ വീടുകളും ഷോളയൂര്‍ ചിറ്റൂര്‍ റോഡരികിലുണ്ട്. കാലവര്‍ഷ കെടുതിയില്‍ റോഡിലേക്ക് മണ്ണിടിച്ചിലും അതുമൂലം വന്‍കൃഷിനാശവും ഉണ്ടാകാനാണ് സാധ്യത.