ഇടുക്കി ജില്ലയില്‍ കള്ളനോട്ട് വ്യാപകം;രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kallanoteതൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ കള്ളനോട്ട് വന്‍ തോതില്‍ വ്യാപിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും കള്ളനോട്ട് വ്യാപകമായതായി പോലീസിനു  വിവരം ലഭിച്ചു. അന്യസംസ്ഥാന തൊഴിലാളികളിലുടെയാണ് കള്ളനോട്ട് എത്തുന്നതെന്നു പോലീസ് പറയുന്നു. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുള്ള അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. 500, 1000 രൂപ നോട്ടുകളാണ് വന്‍ തോതില്‍ പ്രചരിക്കുന്നത്. തൊടുപുഴയില്‍ പട്ടയംകവല മേഖലയില്‍ വന്‍ തോതില്‍ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി പോലീസ് പറയുന്നു.

സാധാരണ രീതിയിലുള്ള പരിശോധനകള്‍ നടത്തിയാല്‍ പോലും ഇവ കണ്ടുപിടിക്കാനാവില്ല. പലരും ബാങ്കുകളിലും മറ്റും പണം മാറാനെത്തുമ്പോഴാണ് കൈയിലിരിക്കുന്നത് കള്ള നോട്ടാണ് എന്നറിയുന്നത്. ഏതാനം നാള്‍ മുന്‍പ് ഹൈറേഞ്ചില്‍ നിന്ന് കള്ളനോട്ട് നിര്‍മിക്കാനുപയോഗിച്ച സ്കാനറും പ്രിന്ററും  പോലീസ് പിടിച്ചിരുന്നു. യഥാര്‍ഥ നോട്ടിനെ വെല്ലുന്ന നോട്ടുകളാണ് ഇവര്‍ നിര്‍മിച്ചെടുക്കുന്നത്. സാധാരണക്കരായ ജനങ്ങളുടെ ഇടയില്‍ മാത്രം കള്ള നോട്ട് പ്രചരിപ്പിക്കുന്നത് പോലീസിനെയും കുഴയ്ക്കുന്നു. കള്ളനോട്ട് എത്തിക്കുന്ന പ്രത്യേക റാക്കറ്റുകള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസ് പറയുന്നു.

ഹൈറേഞ്ച് മേഖലകളില്‍ കള്ളനോട്ട് വ്യാപിക്കുന്നത് തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലകളിലാണ്. ഹൈറേഞ്ചിന്റെ മിക്ക ഭാഗങ്ങളിലും കള്ള നോട്ടുകള്‍ കിട്ടിയതായും വിവരങ്ങളുണ്ട്. കിട്ടിയവര്‍ പലരും പുലിവാലാകുന്നതിനു മുമ്പേ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്.  കള്ള നോട്ടിന്റെ വ്യാപനം അന്യസംസ്ഥാന തൊഴിലാളികളിലുടെയെന്നാണ് രഹസ്യന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. ഇവരുടെ ഇടയില്‍ പരിശോധന ആരംഭിച്ചപ്പോള്‍  അഞ്ഞൂറോളം പേരാണ് മടങ്ങിപ്പോയതെന്നു പോലീസ് പറയുന്നു. ഇവര്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കുമറിയില്ല. നാടു വിട്ടവര്‍ ഇവിടെ യാതൊരുവിധ രേഖകള്‍ ഇല്ലാതെയാണ് ഇതുവരെ ജില്ലയില്‍ കഴിഞ്ഞിരുന്നത്.

പരിശോധന ആരംഭിച്ചപ്പോള്‍ ഇവര്‍ നാടുവിട്ടത് നിരവധി സംശയങ്ങള്‍ അവശേഷിപ്പിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും, ബംഗ്ലാദേശികളും അണ് നാടുവിട്ടവരെന്നാണ് സൂചന.  മൈഗ്രേഷന്‍ വര്‍ക്കേഴ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ മറികടന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഊര്‍ജിതമാക്കിയതോടെ അഞ്ഞൂറിലധികം പേര്‍ നാടുവിട്ടു. കേരളത്തില്‍നിന്ന് അവധിക്കായി നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ പരിചയക്കാരായ പത്തും പതിനഞ്ചും പേരെ ഒപ്പം കൂട്ടിയാകും മടങ്ങിയത്തെുക. അഞ്ചും പത്തും കുടുംബങ്ങള്‍ ഒന്നിച്ചത്തെുകയും ഇവിടെ വന്ന ശേഷം ഇവരില്‍ പലരും തൊഴിലിനായി അലയുകയോ ഭിക്ഷാടകരായി മാറുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ഗുരുതരമായ അവസ്ഥയുമുണ്ട്.

Related posts