കോട്ടയം: ഓണം പ്രമാണിച്ച് ഇതരസംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ കൊള്ളയടിക്കാന്‍ സ്വകാര്യ ബസ് ലോബി. മലയാളികള്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്യമായ ഒരു സര്‍വീസും നടത്താന്‍ താല്‍പ്പര്യപ്പെടാതെ കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി. അടുത്ത രണ്ടാഴ്ച കാലത്തേക്ക് ബംഗളുരൂ, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് ഇരട്ടി നിരക്കിലാണ് സ്വകാര്യ ടൂറിസ്റ്റ് ലോബി ടിക്കറ്റ് വില ഈടാക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഓടിക്കാത്തതിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ലോബിയുടെ ഇടപെടലാണെന്ന് പറയപ്പെടുന്നു.
ഓണത്തിനു ഇതരസംസ്ഥാനത്തേക്കു കോട്ടയം ജില്ലയില്‍നിന്നും കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകളൊന്നും നടത്തുന്നില്ല. പകരം ഇന്നു മുതല്‍ അടൂര്‍ ഡിപ്പോയില്‍നിന്നും കോട്ടയം വഴി സൂപ്പര്‍ ഡീലക്‌സ് ബസ് ബംഗളുരുവിലേക്കു സര്‍വീസ് നടത്തും. കോഴിക്കോട്-മാനന്തവാടി-മൈസൂരു വഴിയാണ് ബസിന്റെ റൂട്ട്. വൈകുന്നേരം 6.30നു ബസ് കോട്ടയത്തു എത്തും. മറ്റൊരു സര്‍വീസ് പിറവം ഡിപ്പോയില്‍നിന്നുമാണ്. പിറവത്തുനിന്നും കോഴിക്കോട്-മൈസുരു വഴി ബംഗളുരുവിലേക്കു സൂപ്പര്‍ ഡീലക്‌സ് ബസാണ് സര്‍വീസ് നടത്തുന്നത്.
45 ദിവസം മുമ്പ് തന്നെ ബുക്കിംഗ് ആരംഭിച്ചതിനാല്‍ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിരുന്നുവെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. തമിഴ്‌നാട് ഒഴിവാക്കിയാണു കെഎസ്ആര്‍ടിസി റൂട്ടുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാടിന്റെ പെര്‍മിറ്റ് എടുക്കണമെന്ന ന്യായം പറഞ്ഞാണ് ഇതുവഴി പ്രത്യേക സര്‍വീസ് നടത്താത്തതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഓണസാധ്യത മുതലെടുക്കാന്‍ സ്വകാര്യ ബസുകള്‍ നേരത്തെ തന്നെ സ്‌പെഷല്‍ സര്‍വീസും ബുക്കിംഗും ആരംഭിച്ചിരുന്നു. ബംഗളുരു, ചെന്നൈ, മുംബൈ, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നും എസി എയര്‍ബസുകളും മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകളുമാണ് സ്വകാര്യ ബസ് കമ്പനികള്‍ നിരത്തിലിറക്കിയിരിക്കുന്നത്. ചില സ്വകാര്യ കമ്പനികള്‍ തിരക്ക് പ്രമാണിച്ചു കൂടുതല്‍ ബസുകള്‍ ഓടിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരത്തിലേക്കാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. കൂടാതെ കര്‍ണാടക കെഎസ്ആര്‍ടിസിയും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കു സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞു.