ഇതു താന്‍ ടാ കണ്ടക്ടര്‍! കെഎസ്ആര്‍ടിസി ബസിന്റെ ഗിയര്‍ ഒടിഞ്ഞു; രക്ഷകനായി എത്തിയത് കണ്ടക്ടര്‍; ഒടുവില്‍ ഗിയര്‍ലിവറില്ലാത്ത ബസ് ലക്ഷ്യസ്ഥാനത്തെത്തി

KSRTCബിറ്റോയ്ക്ക് ടിക്കറ്റ് കൊടുക്കാന്‍ മാത്രമല്ല അറിയാവുന്നത്. അത്യാവശ്യസമയങ്ങളില്‍ ഗിയര്‍ മാറാനും അറിയാം. തിങ്കളാഴ്ച്ച ഇടുക്കിയിലെ ആനക്കുളത്തുനിന്നും കല്ലാറിന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഗിയര്‍ ഒടിഞ്ഞപ്പോഴാണ് രക്ഷകനായി കണ്ടക്ടറെത്തിയത്. വഴിയില്‍ കിടക്കുമായിരുന്ന ബസും യാത്രക്കാരും അങ്ങനെ സുഗമമായി ലക്ഷ്യസ്ഥാനത്തെത്തി. തിങ്കളാഴ്ച്ച രാവിലെ 8.30ന് ആനക്കുളത്തുനിന്നും പുറപ്പെട്ട ബസിന്റെ ഗിയര്‍ലിവര്‍ സുകുമാരന്‍കട കവലയില്‍ എത്തിയപ്പോള്‍ പകുതി ഒടിഞ്ഞ് ഡ്രൈവറുടെ കൈയിലിരുന്നു. അതോടെ ഡ്രൈവര്‍ക്ക് ഗിയര്‍ മാറ്റാന്‍ പറ്റാതെ വന്നു. കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുനിന്നും ടെക്‌നീഷ്യന്‍മാരെ വരാതെ രക്ഷയില്ലെന്ന അവസ്ഥ. യാത്ര പെരുവഴിയിലായെന്നു യാത്രക്കാരും ഉറപ്പിച്ച നിമിഷം.

യാത്രക്കാരും ഡ്രൈവറും വിഷണ്ണരായി ഇരിക്കുമ്പോഴാണ് നേരത്തെ സ്വകാര്യ ബസില്‍ ഡ്രൈവറായിരുന്ന കണ്ടക്ടര്‍ ബിറ്റോ ഉപായം കണ്ടെത്തുന്നത്. ഡ്രൈവറുടെ സഹായിയുടെ റോള്‍ ബിറ്റോ ഏറ്റെടുത്തു. ഒടിഞ്ഞ ഗിയര്‍ ലിവര്‍ അനായാസം മാറിയിട്ട് ഡ്രൈവര്‍ക്ക് സഹായിയായി ബിറ്റോ മാറിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ഡ്രൈവര്‍ ക്ലച്ച് ചവുട്ടുമ്പോള്‍ ബിറ്റോ അടുത്തിരുന്ന് ഗിയര്‍ മാറ്റും. ഗിയര്‍ മാറ്റാതെ ഓടിക്കാവുന്ന സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റും നല്‍കി.

ലക്ഷ്യസ്ഥാനത്തെത്തിച്ചശേഷം ബസ് രണ്ടാം മൈലിലെത്തിച്ച് മൂന്നാറിലെ ഡിപ്പോയില്‍ നിന്നും പുതിയ ഗിയര്‍ ലിവര്‍ കൊണ്ടുവന്ന് ഘടിപ്പിച്ച് സര്‍വീസ് യഥാസമയം നടത്തി. കണ്ടക്ടറെയും ഡ്രൈവറെയും അഭിനന്ദിച്ചാണ് യാത്രക്കാര്‍ മടങ്ങിയത്. ചെറിയൊരു പ്രശ്‌നത്തിനുപോലും സര്‍വീസ് അവസാനിപ്പിക്കുന്നവര്‍ക്ക് മാതൃകയാകുകയാണ് ഈ ജീവനക്കാര്‍.

Related posts