ഇതു സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍; വലത്തോട്ടു തിരിയരുത്, ഇടത്തോട്ടു നടന്നാല്‍ വീഴും

pkd-pettajunctionപാലക്കാട്: നാലു റോഡുകള്‍ സംഗമിക്കുന്ന സിഗ്നല്‍ ജംഗ്ഷനില്‍ നാലുവശത്തേക്കും വാഹനങ്ങള്‍ പോകാമെന്നുവിചാരിക്കരുത്. സുല്‍ത്താന്‍പ്പേട്ട ജംഗ്ഷനില്‍ ഇതു മൂന്നുവഴിയേ നടക്കൂ. ഇതെന്താണെന്ന് ചോദിക്കരുത്. സാഹചര്യമുണ്ടായിട്ടും ചെയ്യായിതിരിക്കുന്നതിനെ യാത്രക്കാരും നാട്ടുകാരും അശാസ്ത്രീയത എന്നു വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ പതിറ്റാണ്ടുകളായി ഇങ്ങനെ പരാധീനതകളില്‍ വീര്‍പ്പുമുട്ടുകയാണ്.സിഗ്നല്‍ സംവിധാനം കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന പ്രധാന കവലയുമാണിത്. അതേസമയം കാല്‍നടയാത്രക്കാര്‍ക്കും വലിയ വാഹനങ്ങള്‍ക്കും കാത്തിരിക്കുന്ന ദുരിതവുമുണ്ട് ഇവിടെ.

ഹെഡ്‌പോസ്‌റ്റോഫീസ് റോഡില്‍നിന്നും സ്‌റ്റേഡിയം റോഡിലേക്ക് തിരിയുന്നിടത്താണ് വര്‍ഷങ്ങളായി പോലീസുകാര്‍ നേരത്തെ സിഗ്നല്‍ സംവിധാനം നിയന്ത്രിച്ചിരുന്ന ഔട്ട് പോസ്റ്റ് നിലകൊള്ളുന്നുണ്ട്. ഇതിനു സമീപത്ത് നാലടിയോളം ഉയരത്തിലുള്ള മറ്റൊരു ടെലഫോണ്‍ ബോക്‌സും ഇവിടെ  വഴി മുടക്കിയായിക്കിടക്കുകയാണ്. ഇതു രണ്ടും ഇവിടന്നു പൊളിച്ചുമാറ്റുകയാണെങ്കില്‍ എച്ച്.പി.ഒ റോഡുഭാഗത്തുനിന്നും വരുന്ന ബസുകളടക്കമുള്ള വാഹനങ്ങള്‍ക്കു സുഗമമായി തിരിഞ്ഞുപോകാനാവും.

ഇതിനു പുറമെയാണ് ജി.ബി റോഡിലേക്കു തിരിയുന്നിടത്തെ തകര്‍ന്ന നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടൈല്‍സ് പതിച്ച തറയുടെ ഒരു ഭാഗം താഴ്ന്ന് ടൈലുകള്‍ ചിതറിക്കിടക്കുന്നത്. പലപ്പോഴും തെന്നിവീഴുന്ന സ്ഥിതിയാണെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നു. കോര്‍ട്ട് റോഡ് ഭാഗത്തെ ജംഗ്ഷനിലുള്ള അമ്പലത്തിനു സമീപത്തായി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും യാത്ര ദുഷ്കരമാക്കുന്നുണ്ട്.  ഗതാഗതപരിഷ്കാരത്തിന്റെ ഭാഗമായി ജംഗ്ഷനില്‍ റൈറ്റ് ടേണ്‍ എടുത്തു കളഞ്ഞതാണ് വാഹനയാത്രക്കാരെ കുഴക്കിയത്. 2014 ലെ കലോത്സവത്തിന്റെ ഭാഗമായാണ് ഫ്രീ ട്രാഫിക് സോണ്‍ (സ്വതന്ത്ര സഞ്ചാര മേഖല) ആയി പ്രഖ്യാപിച്ചത്. എങ്കിലും ഇവിടെയിപ്പോഴും വാഹനയാത്ര ദുഷ്കരമാണ്.

സുഗമമായി വലത്തോട്ടു തിരിയാവുന്ന കവലയിലെ അശാസ്ത്രീയമായ പരിഷ്കാരംമൂലം പോക്കറ്റ് റോഡിലൂടെയുള്ള കടന്നുകയറ്റം മറ്റു വാഹനങ്ങള്‍ക്ക് വിനയാവുന്നു. സ്‌റ്റേഡിയം റോഡിലെ ഇരുഭാഗത്തുമുള്ള നടപ്പാതകള്‍ കാലങ്ങളായി തകര്‍ന്നു.നടപ്പാതകളില്‍ ബാരിക്കേഡില്ലാത്തതിനാല്‍ യാത്രക്കാര്‍ റോഡിലിറങ്ങിയാണ് നടത്തം. ഇതുപലപ്പോഴും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.   സന്ധ്യ മയങ്ങിയാല്‍ ഇവിടം അന്ധകാരത്തിന്റെ പിടിയിലാണ്. ആകെയുള്ള രണ്ടു സോഡിയം ലാമ്പുകളില്‍  ഒരെണ്ണം മാത്രമാണ് കത്തുന്നത്.

ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.  നാലു റോഡുകളിലും മതിയായ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതും  പ്രശ്‌നമാകുന്നുണ്ട്. രാത്രി എട്ടുകഴിഞ്ഞാല്‍ മിക്കപ്പോഴും സിഗ്നല്‍ തോന്നിയപോലെയാണ്. കോയമ്പത്തൂര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കു വാഹനങ്ങളും ഇതിലൂടെ കടന്നുപോകും. സമീപത്തെ സഹകരണ ബാങ്കിനു മുന്നില്‍ അശാസ്ത്രീയമായി സ്ഥാപിച്ച സിഗ്നല്‍ സംവിധാനവും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നുണ്ട്.

Related posts