ചിങ്ങവനം: പോളച്ചിറയിലെ നാട്ടുകാര്‍ ഇനി ക്ഷമിക്കില്ല. പോളച്ചിറ റെയില്‍വേ മേല്‍പാലം പൊളിച്ചിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം പൊളിച്ച ചിങ്ങവനത്തെ പാലം പൂര്‍ത്തിയാക്കി. ഒരു വര്‍ഷമായി ഒരു പ്രദേശത്തെ ജനങ്ങള്‍ സഹിക്കുകയാണ്. ഇനി പറ്റില്ല എന്നു പ്രഖ്യാപിച്ച് ഇന്നലെ നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി.
സുരക്ഷ റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. മേല്‍പാലത്തില്‍ റീത്ത് സമര്‍പ്പിച്ചാണ് നാട്ടുകാര്‍ മടങ്ങിയത്. എംസി റോഡില്‍ സെമിനാരിപ്പടിയില്‍ നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ചു. നൂറുകണക്കിനു ആളുകള്‍ പങ്കെടുത്ത ജാഥ ചിങ്ങവനം ഗോമതി കവല ചുറ്റി മേല്‍പാലത്തിലെത്തി റീത്ത് സമര്‍പ്പിക്കുകയായിരുന്നു.റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് പോളച്ചിറയിലെ മേല്‍പാലം വഴിയുള്ള ഗതാഗതം നിര്‍ത്തി പണികള്‍ തുടങ്ങിയത്. ഇതോടെ നാട്ടുകാരുടെ കാല്‍നട യാത്രപോലും മുടങ്ങി.
പോളച്ചിറ ഭാഗത്തേക്കുള്ള വാട്ടര്‍ അഥോറിറ്റി കണക്ഷനും വിഛേദിക്കപ്പെട്ടു. ഇപ്പോള്‍ പാലം പൊളിച്ചു നീക്കുന്നതിനു ക്രെയിന്‍ വരാന്‍ സൗകര്യമില്ലെന്നും റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അനുമതി ലഭിക്കണമെന്നുമാണ് അധികൃതരുടെ ഭാഷ്യമെന്നു നാട്ടുകാര്‍ പറയുന്നത്. ഇന്നലെ വൈകുന്നേരം നാലിനു നടന്ന പ്രതിഷേധ യോഗം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സുരക്ഷ റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി ഏബ്രഹാം തോമസ്, ഫാ. ഏബ്രഹാം ജോണ്‍, സജി കടക്കേട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.