ഇന്ത്യ ഇന്നു തുര്‍ക്ക്‌മെനിസ്ഥാനെതിരേ

spo-footballകൊച്ചി: ഫുട്‌ബോള്‍ പ്രേമികളുടെ ആവേശത്തിലേക്ക് മൂന്നു വര്‍ഷത്തിനുശേഷം കൊച്ചിയില്‍ വീണ്ടുമൊരു അന്താരാഷ്ട്ര മത്സരം. ഇന്ത്യ-തുര്‍ക്ക്‌മെനിസ്ഥാന്‍ പോരാട്ടത്തിനാണ് ഇന്ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വേദിയാകുന്നത്. വൈകുന്നേരം ആറിന് മത്സരം ആരംഭിക്കും.
2018ലെ റഷ്യ ലോകകപ്പിനും 2019ലെ ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനും യോഗ്യത തേടിയുള്ള ഇന്ത്യയുടെ അവസാന മത്സരമാണിത്. ലോകകപ്പ് യോഗ്യതയ്ക്കുള്ള അവസരം നഷ്ടമായ ഇന്ത്യയുടെ ഏഷ്യാന്‍ ചാമ്പ്യന്‍ഷിപ്പാണ്. ഇരുടീമും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.

ഗ്രൂപ്പ് ഡിയില്‍ ഏഴു മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ട് മൂന്നു പോയിന്റുമായി ഏറ്റവും പിന്നിലാണ് ഇന്ത്യ. തുര്‍ക്ക്‌മെനിസ്ഥാന്‍ ഏഴ് കളികളില്‍ മൂന്നു ജയവും ഒരു സമനിലയും മൂന്ന് പരാജയവുമടക്കം 10 പോയിന്റുമായി മൂന്നാമത്. ഇരുടീമും ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തില്‍ പ്രവേശിക്കാതെ പുറത്തായതിനാല്‍ ഇന്നത്തെ മത്സരത്തിന് പ്രസക്തിയില്ലെങ്കിലും മികച്ചൊരു മത്സരം വീക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍. പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഇന്നു കളത്തിലിറങ്ങുമോയെന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

കഴിഞ്ഞ 24ന് ടെഹ്‌റാനില്‍ നടന്ന ഏഴാം മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഇറാനോടു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഒകേ്ടാബറില്‍ നടന്ന ആദ്യപാദത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനോട് 1-2ന് ഇന്ത്യ തോറ്റിരുന്നു. നായകന്‍ സുനില്‍ ഛേത്രിയുടെ പരിക്കാണ് ഇന്ത്യന്‍ ടീമിനെ വലയ്ക്കുന്ന ഒരു ഘടകം.അവസാന നിമിഷം മാത്രമേ ഛേത്രിയെ കളിപ്പിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് ടീമിന്റെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ അറിയിച്ചു. ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളാരുമില്ല.

ഇറാനെതിരായ മത്സരത്തിന് ഇറങ്ങിയ അതേ ടീമിനെ തന്നെ കൊച്ചിയിലും കോണ്‍സ്റ്റന്റൈന്‍ പരീക്ഷിക്കാനാണു സാധ്യത. 2013 ഫെബ്രുവരി ആറിനാണ് കൊച്ചി അവസാനമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിനു വേദിയായത്. പലസ്തീനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യ 2-4ന് തോറ്റിരുന്നു. അന്നു കളിച്ചവരില്‍ സുനില്‍ ഛേത്രിയും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസും മാത്രമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലുള്ളത്. മത്സരത്തിനുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയത്തിന് മുന്നിലുള്ള പ്രത്യേക കൗണ്ടറുകളില്‍നിന്നു ലഭിക്കും. 500, 200, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ആകെ 22,000 ചെയര്‍ സീറ്റുകള്‍ മാത്രമാണ് സ്റ്റേഡിയത്തിലുള്ളത്. വൈകുന്നേരം നാലു മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.

Related posts