ഇന്ത്യ-പാക് ചര്‍ച്ച ഇന്ന്; പത്താന്‍കോട് ആക്രമണമടക്കമുള്ള കാര്യങ്ങള്‍ വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും

indiaന്യൂഡല്‍ഹി: പത്താന്‍കോട് ആക്രമണത്തിനുശേഷം ആദ്യത്തെ ഔപചാരിക ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ച ഇന്ന്. പത്താന്‍കോട് ആക്രമണമടക്കമുള്ള കാര്യങ്ങള്‍ വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും.

ഇന്ന് ഇവിടെ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സെമിനാറിനായാണു പാക്കിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരിയും സംഘവും വരുന്നത്. രാവിലെ വരുന്ന ചൗധരി വൈകുന്നേരം മടങ്ങിപ്പോകും.

ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണു സെമിനാറില്‍ ഉള്ളത്. സെമിനാര്‍ നേരത്തേ നിശ്ചയിച്ചതായിരുന്നെങ്കിലും അതിനു പാക് വിദേശകാര്യ സെക്രട്ടറി വരുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ കാണുമെന്നും ഇന്നലെ രാവിലെയാണു പരസ്യപ്പെടുത്തിയത്. ബന്ധങ്ങള്‍ തകര്‍ച്ചയിലായ സാഹചര്യത്തില്‍ ചര്‍ച്ച നേരത്തേ വെളിപ്പെടുത്തിയാല്‍ എതിര്‍പ്പ് വര്‍ധിക്കുമെന്ന ഭയം മൂലമാണു വിവരം രഹസ്യമാക്കിവച്ചത്.

ജനുവരി രണ്ടിനു പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴു സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരായിരുന്നു അക്രമികള്‍. ഇതിനുശേഷം പാക്കിസ്ഥാനില്‍നിന്നു ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രതിനിധികൂടി ഉള്‍പ്പെട്ട സംയുക്ത അന്വേഷണസംഘം പത്താന്‍കോട്ട് വന്നു. അവര്‍ മടങ്ങിപ്പോയശേഷം ഇന്ത്യന്‍ അന്വേഷണസംഘത്തിനു പാക്കിസ്ഥാന്‍ അനുമതി നിഷേധിക്കുകയും പാക് ഭീകരര്‍ക്കെതിരേ തെളിവില്ലെന്നു വാദിക്കുകയും ചെയ്തു.

പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് വിദേശകാര്യ സെക്രട്ടറിമാരുടെ തലത്തിലുള്ള ചര്‍ച്ച അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ഈ വര്‍ഷത്തെ ആദ്യ കൂടിക്കാഴ്ച. മാര്‍ച്ചില്‍ നേപ്പാളിലെ സാര്‍ക് യോഗത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇന്നത്തെ ചര്‍ച്ചയില്‍ തര്‍ക്കവിഷയങ്ങള്‍ ഉന്നയിക്കുമെങ്കിലും പ്രത്യേക പുരോഗതിയൊന്നും ഉണ്ടാകില്ല. എങ്കിലും ചര്‍ച്ചാമേശയിലേക്ക് ഇരു രാജ്യങ്ങളും മടങ്ങിയെത്തുന്നതു വലിയ കാര്യമായി കരുതപ്പെടുന്നു.

പാനമ രേഖകള്‍ അടക്കം പല വിഷയങ്ങളുമായി ബന്ധപ്പെട്ടു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നില പരുങ്ങലിലായതും ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാകാതിരിക്കാന്‍ കാരണമാണ്.

Related posts