ചേര്‍ത്തല: പാഠപുസ്തകങ്ങള്‍ക്കൊപ്പം കൃഷിയുപകരണങ്ങളെ കൂട്ടുകാരാക്കിയ ആന്റോ ഫിലിപ്പിന് സംസ്ഥാന അവാര്‍ഡിന്റെ തിളക്കം. കടക്കരപ്പള്ളി യുപിജിഎസ് സ്കൂളിലെ അഞ്ചാംക്ലാസുകാരന് ആന്റോയുടെ അവാര്‍ഡുനേട്ടം കടക്കരപ്പള്ളിയുടെ കാര്‍ഷിക മികവിനുള്ള അംഗീകാരവുമായി. സംസ്ഥാനത്തെ മികച്ച കുട്ടിക്കര്ഷകനായാണ് ആന്റോ തെരഞ്ഞെടുക്കപെട്ടത്. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്10-ാം വാര്‍ഡ് ചിറയില്‍ സിബിച്ചന്റെയും, ഉഷാമ്മയുടെയും മകനാണ്. കടക്കരപ്പള്ളി ഗവ. എല്‍പി സ്കൂളില്‍ തുടങ്ങിവെച്ച കാര്‍ഷിക സ്നേഹമാണ് ആന്റോ വീട്ടിലെ കൃഷിയിലും തുടരുന്നത്.
പാവലും, മുളകും, വെണ്ടയും, വഴുതനയുമെല്ലാം ഈ കുരുന്നു കൈകളുടെപരിലാളനത്തില് വിരിയുന്നുണ്ട്. അടുത്തിടെ ആന്റോയേക്കാളും വലിയ വാഴക്കുല വിളയിപ്പിച്ച് അത്ഭുതം കാട്ടിയിരുന്നു. ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കൃഷിവിദ്യകളും തുടങ്ങിയ ആന്റോയെ പഞ്ചായത്ത് കുട്ടിക്കര്‍ഷകനായി ആദരിച്ചിരുന്നു. രണ്ടില്‍ ജില്ലാതല അംഗീകാരവും കിട്ടി. കൃഷി ഓഫീസര്‍മാരായ വ്യാസനും, സ്വപ്നയും പ്രോത്സാഹനം നല്‍കിയിരുന്നതായി രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.