ശ്രീകണ്ഠപുരം: സംസ്ഥാനപാതയില്‍ ഇരിക്കൂര്‍ ടൗണില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം നടപ്പാതയോടു ചേര്‍ന്നു വാട്ടര്‍അഥോറിട്ടി നിര്‍മിച്ച കുഴി അപകടക്കെണിയാകുന്നു. കുടിവെള്ള പൈപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇവിടെ വാട്ടര്‍ അഥോറിട്ടി അധികൃതര്‍ കുഴിയെടുത്തത്. പണി പൂര്‍ത്തിയാക്കിയെങ്കിലും ഒരു മീറ്ററിലേറെ താഴ്ചയുള്ള കുഴി മൂടാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല.
ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡ്, സിഎച്ച്‌സി എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന നടപ്പാതയ്ക്കരികിലാണ് കുഴിയുള്ളത്. കഴിഞ്ഞദിവസം അമ്മയോടൊപ്പം നടന്നുപോവുകയയാിരുന്ന ചൂളിയാട് സ്വദേശിയായ ആറുവയസുകാരന് കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. കുഴി മൂടണമെന്ന് വാട്ടര്‍ അഥോറിട്ടി അധികൃതരോട് സമീപത്തെ വ്യാപാരികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയാറാകുന്നില്ലെന്നു പറയുന്നു.