ഇരിക്കൂറിന് ദാഹിക്കുന്നു; കിണറുകള്‍ പൂര്‍ണമായും വറ്റിയനിലയില്‍

ALP-WATERശ്രീകണ്ഠപുരം: ഇരിക്കൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. സിദ്ദീഖ് നഗര്‍ ലക്ഷംവീട്‌കോളനി, പെരുവളത്ത്പറമ്പ്, പട്ടീല്‍, പൈസായി, ഇരിക്കൂര്‍ ടൗണ്‍, കുട്ടാവ് ഭാഗങ്ങളിലെല്ലാം കിണറുകള്‍ പൂര്‍ണമായും വറ്റിയനിലയിലാണ്. ലക്ഷംവീട് കോളനിയില്‍ പഞ്ചായത്ത് കഴിഞ്ഞവര്‍ഷം നിര്‍മിച്ച മൂന്ന് കിണറുകളും പൂര്‍ണമായും വറ്റി. ഇതുകാരണം ഇവിടെയുള്ളവരെല്ലാം അരകിലോമീറ്ററോളം നടന്ന് തലചുമടായാണ് വെള്ളംകൊണ്ടുവരുന്നത്. പലരും പുഴവെള്ളത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും നീരൊഴുക്ക് കുറഞ്ഞപുഴയില്‍ അറവ്ശാലകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ ഇതിനും കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കുടിവെള്ള പദ്ധതികളെല്ലാം നോക്കുകുത്തിയായിരിക്കുകയാണ്.

പഞ്ചായത്ത് പരിധിയിലെ കുടിവെള്ളക്ഷാമം പൂര്‍ണമായും പരിഹരിക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചായത്ത് ആറ്‌കോടിയോളം രൂപ ചെലവില്‍ നടപ്പാക്കിയ ജലനിധിപദ്ധതിയുടെ പ്രയോജനം ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. 3450 രൂപ ഗുണഭോക്തൃവിഹിതമായി ജലനിധി കണ്‍സള്‍ട്ടന്‍സി അധികൃതര്‍ എല്ലാം ഗുണഭോക്താക്കളില്‍നിന്നു വാങ്ങിയിരുന്നെങ്കിലും പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും പലവീടുകളിലും കുടിവെള്ള പൈപ്പ്‌പോലും ഇട്ടിട്ടില്ല.

ജലനിധി അധികൃതരെ സമീപിച്ച പല ഗുണഭോക്താക്കളോടും പൈപ്പ് തീര്‍ന്നതാണെന്നും പൈപ്പിന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന മറുപടിയാണ് മാസങ്ങളായി ലഭിക്കുന്നതെന്നും പറയുന്നു. പൈപ്പ് സ്ഥാപിച്ച് ഉടന്‍ കുടിവെള്ളവിതരണം നടത്തണമെന്നാവശ്യപ്പെട്ട് സിദ്ദീഖ്‌നഗറിലെ ടി.സി. ഹലീമയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കള്‍ പഞ്ചായത്തില്‍ പരാതി നല്‍കി.

Related posts