ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ സബീനാ മന്‍സിലില്‍ കുഞ്ഞാമിന (60) കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യം ഇവര്‍ താമസിച്ചിരുന്ന മൈസൂരുവിലെ ഹോട്ടലില്‍നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചു. 40, 18 എന്നിങ്ങനെ പ്രായംതോന്നിക്കുന്ന രണ്ട് യുവതികളുടെയും 20കാരനായ യുവാവിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. 15 ദിവസത്തോളം ഇവിടെ താമസിച്ചിരുന്ന സംഘം ആര്യകുമാര്‍, കോയമ്പത്തൂര്‍ എന്ന പേരിലാണ് ഇവിടെ മുറിയെടുത്തിരുന്നത്. ഹൈന്ദവ വേഷധാരികളായാണ് ഇവിടെയും സംഘം താമസിച്ചിരുന്നത്. ബംഗളൂരുവിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ ആര്യ, വെല്ലൂര്‍ എന്ന വിലാസം നല്‍കിയിരുന്ന സംഘം ഇവിടെയും ഹൈന്ദവ വേഷധാരികളായാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇരിക്കൂറില്‍ ഇല്യാസ് എന്ന പേരില്‍ മുസ് ലിം വേഷത്തിലാണ് സംഘം താമസിച്ചിരുന്നത്.
മൈസൂരു ഹോട്ടലില്‍ നിന്നു ചെങ്കോട്ട, പുനലൂര്‍, കായംകുളം വഴിയാണ് സംഘം ഇരിക്കൂറിലെത്തിയിരുന്നതെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പെടയങ്ങോട് സ്വദേശിയായ ഒരു ഓട്ടോറിക്ഷാ ഡ്രൈവരുടെ സഹായത്തോടെ ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെത്തിയ സംഘം കൊല്ലപ്പെട്ട കുഞ്ഞാമിനയെ കണ്ട് വാടക ക്വാര്‍ട്ടേഴ്‌സ് തരപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടുക്കുന്നതിനായി സംഘം കഴിഞ്ഞ മാര്‍ച്ച് 29ന് വീണ്ടും ഹോട്ടലിലെത്തി. അന്നേദിവസം ഹോട്ടല്‍ റിസപ്ഷനില്‍ നില്‍ക്കുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 30ന് കുഞ്ഞാമിന കൊല്ലപ്പെട്ട ദിവസം പ്രതികള്‍ മട്ടന്നൂര്‍ വഴി രക്ഷപ്പെടുമ്പോള്‍ ഇവിടെ പ്രകാശ് ജംഗ്ഷനില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. കൊലനടന്ന് രണ്ടാഴ്ചകഴിഞ്ഞിട്ടും ഇതുവരെയും പ്രതികള്‍ ഏത് സംസ്ഥാനക്കാരാണെന്നതിനെ കുറിച്ചുപോലും പോലീസിന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതികള്‍ നേരത്തെ വാടകയ്ക്കു താമസിച്ച മിക്ക സ്ഥലങ്ങളും അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇവിടെയെല്ലാം ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനക്കാരാണെന്നാണ് പറഞ്ഞിരുന്നത്.അതേസമയം മൈസൂരിലായിരുന്ന അന്വേഷണ സംഘം ഇന്നു രാവിലെ ഇരിക്കൂറില്‍ തിരിച്ചെത്തി. ഇരിട്ടി ഡിവൈഎസ്പി സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ സിഐ ഷജുജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.