ഇരു കൊലപാതകങ്ങളിലും സാദൃശ്യം! അമിറുള്‍ ഇസ്‌ലാമിന് മാതിരപ്പിള്ളിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവുമായി ബന്ധമുണ്ടോയെന്നും അന്വേഷണം

shojiകോതമംഗലം: ജിഷ വധത്തില്‍ അറസ്റ്റിലായ പ്രതി അമിറുള്‍ ഇസ്‌ലാമിന് മാതിരപ്പിള്ളിയില്‍ ഷോജിയെന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. ഇരു കൊലപാതകങ്ങളിലുമുള്ള ചില സാദൃശ്യങ്ങളാണ് പോലീസിനെ ഈ വഴിക്കു ചിന്തിപ്പിക്കുന്നത്. മാതിരപ്പിള്ളി കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി നാല് വര്‍ഷം മുമ്പു കൊല്ലപ്പെട്ട കേസ് ഇതുവരെ തെളിഞ്ഞിട്ടില്ല. സ്വന്തംവീടിനുള്ളില്‍ പട്ടാപകലാണ് ഷോജി കൊല്ലപ്പെട്ടത്. കഴുത്തറുത്തും നെഞ്ചിന് സമീപം കുത്തിയുമാണ് ഷോജിയെ കൊലപ്പെടുത്തിയത്. ഇതുവരെ പല മാര്‍ഗങ്ങളിലൂടെ അന്വേഷിച്ചെങ്കിലും ഒന്നുംകണ്ടെത്താന്‍ ലോക്കല്‍ പോലീസിനോ ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല.പരിസരവാസികളും അല്ലാത്തവരും ഇതരസംസ്ഥാനകാരും ഉള്‍പ്പെടെ ഏകദേശം മുന്നൂറിലധികം പേരെ പലഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.

കേസ് അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് ആദ്യഘട്ടത്തില്‍ ഷോജിയുടെ ഭര്‍ത്താവ് ഷാജിയെ രണ്ടാഴ്ചയോളം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് സംഘം ഷാജിയെ പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കിയെങ്കിലും പ്രയോജനമൊന്നും കിട്ടിയില്ല.തന്നെയും കുടുംബത്തേയും വേട്ടയാടുന്ന പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസ് സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജിയും പിതാവ് അയ്യപ്പന്‍കുട്ടിയും ഹൈക്കോടതിയില്‍ കേസു നല്‍കിയിട്ടുണ്ട്.

കുറുപ്പംപടിയില്‍ ജിഷയെ വീടിനുള്ളില്‍ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഘാതകനെ അറസ്റ്റ് ചെയ്തതോടെ ഷോജി വധവുമായി പ്രതിക്ക് എന്തെങ്കിലും വിധത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ എസ്പി പി.കെ.മധുവും ഡിവൈഎസ്പി ശശിധരനും പറഞ്ഞു. രണ്ട് കേസിലും കൊല നടത്തിയത് ആരും കണ്ടിട്ടില്ല. അതുപോലെ കൊലയ്ക്ക് ഉപയോഗിക്കുന്ന ആയുധവും കണ്ടെത്താനായില്ല. ഷോജിയുടെ കഴുത്തില്‍ അണിഞ്ഞ ഒരു സ്വര്‍ണമാലയും കയ്യില്‍ നിന്ന് വളകളും നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. രണ്ട് കേസിലും ഏറ്റവും നിര്‍ണായകമായത് കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താത്തതാണ്. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് ഏറെ ബുദ്ധിമുട്ടാകുന്നതും ഇതുതന്നെയാണ്.രണ്ട് സംഭവത്തിലും പോലീസിനെ ഒരുപരിധിവരെ കുഴക്കുന്നതും ആയുധം കണ്ടെത്താനാവാത്തതാണ്.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെയും പ്രത്യക്ഷത്തില്‍ മനസിലാക്കാവുന്ന കാരണങ്ങളിമില്ലാതെയും ആണ് ഷോജിയും ജിഷയും സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഈ സാമ്യങ്ങള്‍ ജിഷയുടെ കേസ് പുറത്തു വന്നപ്പോള്‍ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു . ഷോജിയെ കൊലപ്പെടുത്തിയതും അമിറുള്‍ ഇസ്‌ലാം ആണോയെന്നു പരിശോധിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങളാണെന്നു കരുതുന്നു. ജിഷയുടെ ഘാതകനെ പിടികൂടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എസ്പി ഉണ്ണിരാജന്‍ ഷോജി വധത്തിന്റെ കേസ് ഡയറി മുമ്പേതന്നെ പഠിച്ചിട്ടുള്ളയാളാണ്. ജിഷ കേസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം അമിറുള്‍ ഇസ്‌ലാമില്‍ നിന്നും ഷോജി വധം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോയെന്നു പോലിസ് പരിശോധിക്കും.

ഷോജി കൊല്ലപ്പെട്ട ശേഷം കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിനിടയിലും അന്യസംസ്ഥാന തൊഴിലാളികളെ സംശയിച്ചിരുന്നു.നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണവും നടത്തിയിരുന്നു.എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.ഷോജി കൊല്ലപ്പെടുന്നതിനോടടുത്ത സമയങ്ങളില്‍ പരിസരത്ത് ഒരു ബൈക്ക് യാത്രക്കാരന്റെ സാന്നിധ്യമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതേസമയം ജിഷ കേസില്‍ പ്രതി അമിറുള്‍ ഇസ്‌ലാമിനെ തെളിവെടുപ്പിനായി ജിഷയുടെ വീട്ടിലും താമസിച്ചിരുന്ന സ്ഥലത്തുമെത്തിക്കുന്നതിന് അന്വേഷണ സംഘം തയാറെടുപ്പുകള്‍ തുടങ്ങി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ആവശ്യമായ സുരക്ഷ ഉറപ്പാക്കി, മിന്നല്‍വേഗത്തില്‍  തെളിവെടുപ്പ് നടത്താനാണ് പോലിസ് ആലോചിക്കുന്നത്.പരമാവധി ജനശ്രദ്ധ ഒഴിവാക്കുകയാണ് ലക്ഷ്യം.പ്രതിക്കെതിരെ ജനരോഷം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് പോലിസിന്റെ ഈ നീക്കം. എന്നാല്‍ രഹസ്യമായി തെളിവെടുപ്പു നടത്താനുള്ള പോലിസിന്റെ തന്ത്രം പൊളിക്കാനുള്ള തയാറെടുപ്പിലാണ് കുറുപ്പംപടിക്കാര്‍ എന്നറിയുന്നു. അമിറുളിനെ പത്ത് ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്.

Related posts