ലോകത്തെ നടുക്കിയ ഇസ്താംബൂള്‍ വിമാനത്താവളത്തിലെ തീവ്രവാദി ആക്രമണത്തില്‍നിന്ന് ബോളിവുഡ് സൂപ്പര്‍ താരം ഋതിക് റോഷന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തീവ്രവാദികള്‍ ആക്രമണം നടത്തുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ ഋതിക്കും ഉണ്ടായിരുന്നു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ 36 പേര് കൊല്ലപ്പെടുകയും 140ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഷൂട്ടിംഗിനായി ഇസ്താംബൂളിലെത്തിയതായിരുന്നു താരം. ഇന്ത്യയിലേക്കു മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും കണക്ടിംഗ് ഫ്ളൈറ്റ് പറന്നുയര്‍ന്നിരുന്നു. പിറ്റേദിവസമായിരുന്നു അടുത്ത വിമാനം ഉണ്ടായിരുന്നത്. എന്നാല്‍ അപ്പോള്‍ തന്നെ മടങ്ങാന്‍ തീരുമാനിച്ചതോടെ ഇക്കോണമി ക്ലാസില്‍ അടുത്ത വിമാനത്തില്‍ കയറുകയായിരുന്നു- സൂപ്പര്‍താരം വിശദീകരിക്കുന്നു. തീവ്രവാദത്തിനെതിരേ ലോകം കൈകോര്‍ക്കണമെന്ന ആഹ്വാനത്തോടെയാണ് ട്വീറ്റ് പരമ്പര ഋതിക് അവസാനിപ്പിച്ചത്.