ഈ പിച്ച് പോരാ: ധോണി

SP-DHONIമിര്‍പൂര്‍: ഏഷ്യാ കപ്പ് ട്വന്റി-20യ്ക്ക് ഒരുക്കിയിരിക്കുന്ന പിച്ചിനെതിരേ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. കുട്ടിക്രിക്കറ്റിന് പറ്റിയ പിച്ചല്ല മിര്‍പൂര്‍ ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തിലേതെന്നാണ് ധോണിയുടെ അഭിപ്രായം. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ മുന്നൊരുക്കത്തിനുള്ള വേദിയായിട്ടാണ് ഏഷ്യാ കപ്പിനെ കണ്ടത്. എന്നാല്‍ പിച്ചിന്റെ അപ്രതീക്ഷിത മനംമാറ്റം അദ്ഭുതപ്പെടുത്തിയെന്ന് പാക്കിസ്ഥാനെതിരായ മത്സരശേഷം ക്യാപ്റ്റന്‍ പറഞ്ഞു.

അടുത്തമാസം ആരംഭിക്കുന്ന ലോകകപ്പിനു ബാറ്റിംഗ് അനുകൂല വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബൗളര്‍മാരെ സഹായിക്കുന്ന തരത്തിലുള്ള പിച്ചില്‍ കളിക്കുന്നത് ഗുണകരമല്ല- ധോണി കൂട്ടിച്ചേര്‍ത്തു.ട്വന്റി-20യില്‍ ഏവരും പ്രതീക്ഷിക്കുന്നത് സിക്‌സറും ഫോറുകളുമാണ്. എന്നാല്‍ 100 റണ്‍സില്‍ താഴെ ഓള്‍ഔട്ടാകുകയെന്നത് അത്ര സുഖകരമല്ല. താരങ്ങള്‍ക്കും കാണികള്‍ക്കും. ലോ സ്‌കോറിംഗ് മത്സരങ്ങള്‍ എന്നാല്‍ 130-140 റണ്‍സെങ്കിലും വേണം. പാക്കിസ്ഥാന്‍ 83 റണ്‍സിനു പുറത്തായതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു.

യോഗ്യതാറൗണ്ടില്‍ ഹോങ്കോംഗിനെതിരേ ഒമാന്‍ നേടിയ 180 റണ്‍സാണ് ഇത്തവണത്തെ ഉയര്‍ന്ന സ്‌കോര്‍. പിന്നീടുള്ള മത്സരങ്ങളില്‍ സ്‌കോര്‍ ക്രമാതീതമായ താഴുകയായിരുന്നു. ദുര്‍ബലരായ യുഎഇയ്‌ക്കെതിരേ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും ചെറിയ സ്‌കോറാണ് നേടാനായത്.

Related posts