അമരവിള : എട്ടു മാസം മുമ്പ് 12 കോടി രൂപ മുടക്കി നിര്‍മിച്ച മാറനല്ലൂര്‍-പ്ലാവൂര്‍ റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു. നിലവിലെ റോഡ് വീതികൂട്ടി പാര്‍ശ്വഭിത്തി, ഓടകള്‍ എന്നിവ നിര്‍മിച്ച് റബറൈസ്ഡ് ടാറിംഗ് നടത്താനാണ് കരാര്‍ . എന്നാല്‍ പണി പൂര്‍ണമായും നിര്‍ത്തി വച്ച അവസ്ഥയിലാണിപ്പോള്‍ . റോഡിന്റെ ഉയരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി റോഡില്‍ മണ്ണിട്ട് പൊക്കിയ ഇടങ്ങളെല്ലാം ചെളിക്കളമായി മാറി. റോഡ് വികസനത്തിന്റെ പേരില്‍ പ്രദേശത്തു നിന്ന് ആയിരക്കണക്കിന് ലോഡ് മണ്ണ് കാറുകാരന് കടത്തിയതായും നാട്ടുകാര്‍ പറയുന്നു.
എട്ടോളം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന റോഡില്‍ ഗതാഗതം ചെളിയിലൂടെയായതോടെ വാഹനങ്ങള്‍ ചെളിക്കെട്ടുകളില് പുതയുക നിത്യ സംഭവമാണ് . കരാറുകാരന് റോഡിന്റെ ഇരുവശങ്ങളിലൂമുണ്ടായിരുന്ന ഉയരം കൂടിയ തിട്ടകള്‍ ജെ സിബി ഉയോഗിച്ച് ഇടിച്ച് മണ്ണ് കടത്തിയത് ചില ഗുണ്ടകളുടെ സഹായത്തോടെയാണെന്നും പരാതിയുണ്ട് . കഴിഞ്ഞയാഴ്ച റോഡില്‍ നിരത്തിയിരുന്ന പാറക്കല്ലില്‍ തട്ടി ബൈക്കില്‍ യാത്ര ചെയ്തിരുന്ന കുടുംബം അരുവിക്കരയില്‍ അപകടത്തിലപ്പെട്ടിരുന്നു.
ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോയിരുന്ന റോഡിലൂടെയുള്ള ഗതാഗതം ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. പലരും ബൈക്ക് മറ്റു സ്ഥലങ്ങളില്‍ വച്ച് കാല് നടയായാണ് ജോലിക്ക് പോകുന്നത്.റോഡിന്റെ അവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.