ന്യൂഡല്‍ഹി: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനനുകൂലമായി തീരുമാനമെടുത്തതിനു പിന്നാലെ, ഉത്സവഘോഷങ്ങള്‍ക്ക് പണം ചെലവാക്കുന്നതിനു നിയന്ത്രണം വരുത്തണമെന്ന അഭിപ്രായവുമായി ആര്‍എസ്എസ് രംഗത്ത്. ഉത്സവാഘോഷങ്ങള്‍ കൊഴുപ്പിക്കുന്നതിനു പകരം ആ പണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആരോഗ്യ സംരക്ഷണാവശ്യങ്ങള്ക്കും ഉപയോഗിക്കണമെന്നാണ് ആര്‍എസ്എസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
വെടിക്കെട്ടിനും, താരനിശകള്‍ക്കും, ആനയെഴുന്നളളിപ്പുകള്ക്കുമൊക്കെയായി, ഉത്സവത്തിനു മാറ്റുകൂട്ടാനെന്നോണം ചിലവഴിക്കുന്ന വലിയ തുക ജനങ്ങള്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്ക്കുപയോഗിക്കണമെന്നാണു സംഘത്തിന്റെ അഭിപ്രായമെന്ന് ആര്‍എസ്എസ് വക്താവ് ജെ. നന്ദകുമാര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ വെടിക്കെട്ടപകടത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അനാവശ്യ കീഴ്വഴക്കങ്ങള് ഒഴിവാക്കണമെന്ന മുന്നറിയിപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.