ഉന്നത വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് മതനിരപേക്ഷത അനിവാര്യം: ഡോ. ഹര്‍ഗോപാല്‍

EKM-GOPALകൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് മതേതര മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യം അനിവാര്യമാണെന്ന് നാഷണല്‍ ലോ സ്കൂള്‍ വിസിറ്റിംഗ് പ്രഫസര്‍ ഡോ. ഹര്‍ഗോപാല്‍ പറഞ്ഞു. എകെപിസിടിഎ 58-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ആര്‍ആര്‍സി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തെ പിന്നോട്ടടിക്കാനുള്ള സംഘ പരിവാര്‍ ശ്രമത്തില്‍ രാജ്യത്തെ ഉന്നത നിലവാരമുള്ള യൂണിവേഴ്‌സിറ്റികള്‍ ഇന്നു പ്രതിസന്ധി നേരിടുകയാണ്.

ജെഎന്‍യുവിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും നടന്ന സംഭവങ്ങള്‍ അതാണു കാണിക്കുന്നത്. ശ്രേണീബദ്ധമായ സമൂഹത്തിന്റെ അധികാര സമവാക്യങ്ങളെ യുവാക്കള്‍ വെല്ലുവിളിക്കുന്നതുകൊണ്ടാണ് ഭരണകൂടം ക്ലാസ്മുറികളുടെ സ്വാതന്ത്ര്യത്തെ ഭയക്കുന്നത്. ഒന്നാം എന്‍ഡിഎ ഭരണകാലത്ത് തുടങ്ങിയ ഉന്നതവിദ്യാഭ്യാസരംഗത്തെ ഹൈന്ദവ-ബ്രാഹ്മണ അജന്‍ഡ മോദി ഭരണകൂടം വര്‍ധിതവീര്യത്തോടെ നടപ്പാക്കുകയാണ്. ഇടത്, ദളിത്, സ്ത്രീപക്ഷ നിലപാടുള്ള ഒരു പ്രതിരോധമുന്നണിക്കു മാത്രമേ ഈ നീക്കത്തെ ചെറുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രഫ. സി. പത്മനാഭന്‍, ഡോ. ഡി.കെ. ബാബു, ഡോ. കെ. കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ പ്രവര്‍ത്തകസമിതി, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ നടന്നു.

Related posts