വി.എസ്. ഉമേഷ്
ആലപ്പുഴ: ആറുവയസുകാരി എന്യക്കുട്ടി തന്റെ കുട്ടിസ്കൂട്ടറിലേറി (മൈക്രോ പുഷ് സ്കൂട്ടര്‍) ഉലകം ചുറ്റുകയാണ്. ആലപ്പുഴയിലെ റോഡിലൂടെ കുട്ടിസ്കൂട്ടറില് അച്ഛനും അമ്മയ്ക്കുമൊപ്പം പോകുമ്പോള്‍ കണ്ട കനാലുകളും ഹൗസ്ബോട്ടുകളും ശിക്കാരകളും വഴിയരികിലെ കടകളുമൊക്കെ ആ കുട്ടിമനസില്‍ ‘ലഡു’ പൊട്ടിച്ചുകൊണ്ടിരുന്നു. കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തനുകള്‍ കണ്ടപ്പോള്‍ കുട്ടി സ്കൂട്ടറൊന്നു നിന്നു. ഒരെണ്ണം കിട്ടിയാല്‍ കൊള്ളാം-ഇഷ്ടം പറഞ്ഞപ്പോള്‍ അച്ഛന് വാങ്ങിക്കൊടുത്തു രണ്ടെണ്ണം. ആവശ്യത്തിനു കഴിച്ച് ബാക്കി ബാഗിലുമാക്കി കാഴ്ചകള്‍ കണ്ട് എന്യ യാത്രതുടര്‍ന്നു. മറുനാട്ടിലും കൂട്ടുകാര്‍ വേണം, അവരോടൊപ്പം കളിക്കണം, അവിടെയൊക്കെ ചുറ്റിക്കറങ്ങണം, ഇഷ്ടപ്പെട്ട ഐസ്ക്രീം കൂടുതല്‍ വാങ്ങിത്തിന്നണം-കൊച്ചു സ്വപ്നങ്ങളേയുള്ളൂ എന്യക്ക്.
ഐറിഷ് വംശജനായ അച്ഛന് സീന്‍ ക്ലിഫോര്ഡിനും ഫ്രഞ്ച് വംശജയായ അമ്മ വലേറിയയ്ക്കുമൊപ്പം തന്റെ പിങ്ക് സ്കൂട്ടറില്‍ ഇക്കൊല്ലം പത്തുരാജ്യങ്ങളില്‍ പോകാനാണ് ഫ്രാന്‍സില്‍ താമസിക്കുന്ന എന്യ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയെ കൂടാതെ മലേഷ്യ, സിംഗപ്പൂര്‍, കമ്പോഡിയ, നേപ്പാള്‍, ന്യൂസിലാന്‍ഡ്, ന്യൂകാലഡോണിയ, പെറു, ഇക്വഡോര്‍, ബൊളീവിയ എന്നീ രാഷ്ട്രങ്ങളും 2016-ല്‍ സന്ദര്‍ശിക്കും.
മകള്‍ക്ക് ലോകത്തെ പരിചയപ്പെടുത്താമെന്ന ലക്ഷ്യവുമായാണ് മാധ്യമപ്രവര്‍ത്തകര്‍ കൂടിയായ സീന്ക്ലിഫോര്ഡും വലേറിയയും ഇത്തരമൊരു യാത്രയ്ക്കു പദ്ധതിയിട്ടത്, ഒപ്പം അതു ചീത്രീകരിച്ച് ലോകത്തെ കാണിക്കാനും. എന്യ ഇതുവരെ ഫ്രാന്‍സു മുഴുവന്‍ കറങ്ങിയതു കൂടാതെ അയര്‍ലാന്‍ഡ്, ജര്‍മനി, മെക്സിക്കോ, അര്‍ജന്റീന, മെക്സിക്കോ, കാനഡ, വിയറ്റ്നാം എന്നിവിടങ്ങളില്‍ പോയിക്കഴിഞ്ഞു.
അച്ഛനമ്മമാര്‍ക്ക് മക്കളുടെ നല്ലഭാവിക്കും വിദ്യാഭ്യാസത്തിനും നല്കാവുന്ന ഏറ്റവും നല്ല ഇന്‍വെസ്റ്റ്മെന്റാണ് ഇത്തരം യാത്രകളെന്നാണ് ഇവരുടെ പക്ഷം. ഇത്തരം യാത്രകള്‍ വഴി വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുമാകുന്നു, വ്യത്യസ്ത അനുഭവങ്ങള്‍ സ്വായത്തമാക്കാനുമാകും-സീന്‍ ദീപികയോടു പറഞ്ഞു. കുട്ടികളുടെ ക്ഷമാശീലവും ആകാംക്ഷയും വര്‍ധിക്കും. യാത്ര ദൃശ്യവത്കരിച്ചു ലോകത്തിനു കൈമാറുകയെന്നതാണ് മുഖ്യലക്ഷ്യം.
ദി കിഡ് ട്രോട്ടര്‍ എന്നു പേരിട്ടിരിക്കുന്ന യാത്ര ദൃശ്യവത്കരിച്ച് ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിക്കും. കുട്ടികളോടൊപ്പം ആസ്വദിച്ച് മാതാപിതാക്കള്‍ക്ക് എങ്ങനെ യാത്ര നടത്താം എന്നതും ഇതിലൂടെ മനസിലാക്കാം. ഇന്ത്യയും കേരളവും സാംസ്കാരിക കേന്ദ്രമാണെന്നും ലോകത്തെമ്പാടുമുള്ള കുടുംബങ്ങള്‍ക്ക് മാതൃകയാണെന്നും സീനും വലേറിയും പറയുന്നു.
2014-ല്‍ അര്‍ജന്റീനയിലേക്കു നടത്തിയ യാത്രകഴിഞ്ഞെത്തിയപ്പോള്‍ കണ്ടകാഴ്ചകള്‍ ചെറിയ വീഡിയോ ക്ലിപ്പിംഗ് ആയി എന്യയുടെ സുഹൃത്തുക്കളേയും സഹപാഠികളേയും കാണിച്ചിരുന്നു. ആശ്ചര്യചകിതരായ കുരുന്നുകളും രക്ഷിതാക്കളും അതുകണ്ടപ്പോള്‍ ഏറെ ചോദ്യങ്ങളുമായെത്തി. അതിനെല്ലാം മറുപടി കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് എന്യയെ കേന്ദ്രീകരിച്ചു ഒരു യാത്രാവിവരണ പരിപാടി അമ്മ വലേറിയുടെ മനസിലുദിച്ചത്. മാതൃകാപരമായ ഒരു പദ്ധതിയില്‍ പങ്കാളിയാകാമെന്നു കരുതി ഏറെ അന്വേഷിച്ചു. ഒടുവില്‍ സ്വന്തമൊരെണ്ണമങ്ങ് ഉണ്ടാക്കി.
2015-ലെ അവധിക്കാലത്ത് ദി കിഡ് ട്രോട്ടര്‍ എന്ന പേരില്‍ യാത്രാപദ്ധതി ആവിഷ്കരിച്ചു. 2015 ഏപ്രിലില്‍ വിയറ്റ്നാമിലേക്കായിരുന്നു ഇതുപ്രകാരമുള്ള ആദ്യയാത്ര. യാത്രയുടെ കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ വെബ്സൈറ്റുമുണ്ടാക്കി(. എട്ടുമുതല്‍ പത്തുമിനിറ്റു വരെ ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകള്‍ സൈറ്റിലൂടെ അപ്്ലോഡ് ചെയ്തപ്പോള്‍ സംഭവം ‘സൂപ്പര്‍ ഹിറ്റ്’. അങ്ങനെ ഇരുവരും ജോലിയും രാജിവച്ച് മകളേയും കൂട്ടി 2016-ല്‍ ലോകപര്യടനത്തിനിറങ്ങി.
മൂന്നാഴ്ച മുമ്പാണ് കേരളത്തിലെത്തിയത്. ഫോര്‍ട്ട് കൊച്ചിയിലും കൊച്ചിയിലേയും ആലപ്പുഴയിലേയും കായല്‍പരപ്പുകളിലും സഞ്ചരിച്ച ഇവര്‍ മൂന്നാറിലും കൊളുക്കുമലയിലും തേക്കടിയിലും പോയിരുന്നു. എന്യയുടെ കുട്ടിക്കണ്ണിലൂടെയുള്ള കേരളക്കാഴ്ചകളുടെ വീഡിയോ അടുത്ത ദിവസം തന്നെ അപ്്ലോഡ് ചെയ്യുമെന്നും സീന്‍ പറഞ്ഞു. ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഇത്തവണ കേരളം മാത്രമേയുള്ളൂ. രണ്ടുദിവസത്തിനുള്ളില്‍ നേപ്പാളിലേക്കു പോകും. അടുത്ത വരവില്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു പോകുമെന്നും സീന്‍ പറഞ്ഞു.