മട്ടന്നൂര്‍: ഉളിയില്‍-തില്ലങ്കേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. അഞ്ച് കിലോ മീറ്ററോളം വരുന്ന റോഡാണ് തകര്‍ന്നു ചെളിക്കുളമായിരിക്കുന്നത്. ബസ് ഉള്‍പ്പെടെ നിത്യവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണ് മിക്കയിടങ്ങളിലും തകര്‍ന്നു കിടക്കുന്നത്. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളില്‍ നിന്ന് ഇതു വഴി തില്ലങ്കേരി, കാക്കയങ്ങാട്, പേരാവൂര്‍, മുഴക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
നമഴക്കാലമായതിനാല് റോഡിലെ കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അകപ്പെടുന്നത് പതിവ് സംഭവമായിരിക്കുകയാണ്. തെക്കന്‍പൊയില്‍, വാഴക്കാല്‍, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് കൂടുതലായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. റോഡ് ചെളിക്കുളമായതോടെ കാല്‍നട യാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്. തകര്‍ന്നു കിടക്കുന്ന റോഡ് അറ്റകുറ്റ പ്രവൃത്തി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് അധികൃതര്‍ക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.