ഊട്ടുപുര ഉണര്‍ന്നു; മാണിക്കോട് സദ്യ നാളെ

tvm-uttupuraവെഞ്ഞാറമൂട്: മാണിക്കോട് മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചുള്ള മാണിക്കോട് സദ്യ നാളെ നടക്കും. ഇതിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഊട്ടുപുരയില്‍ ഇന്നലെ മുതല്‍ക്കുതന്നെ സദ്യവട്ടങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പാചകരത്‌നം ഇരപ്പില്‍ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സദ്യവട്ടങ്ങള്‍ തയാറെടുക്കുന്നത്. കൂട്ടിന് അമ്പതോളം പാചകക്കാരും ഉണ്ട്.പ്രായം തളര്‍ത്താത്ത രുചിക്കൂട്ടുമായി പാചകകലയില്‍ മുപ്പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ 68കാരന്‍ പതിനാറ് വര്‍ഷമായി തുടര്‍ച്ചയായി മാണിക്കോട് സദ്യയുടെ മേല്‍നോട്ടം വഹിക്കുന്നുവെന്ന പ്രത്യേകതയും ഇരപ്പില്‍ രാമചന്ദ്രനുണ്ട്.

അരലക്ഷം പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രണ്ടുപായസം ഉള്‍പ്പെടെ ഇരുപതോളം കറികള്‍ വാഴയിലയില്‍ നല്‍കുന്നുവെന്നതാണ് സദ്യയുടെ പ്രത്യേകത.  രാവിലെ ഒമ്പതുമുതല്‍ സദ്യ വിളമ്പിത്തുടങ്ങും. വൈകുന്നേരം അഞ്ചുവരെയായിരിക്കും സദ്യ. സദ്യാലയത്തിലും പ്രത്യേകം തയാറാക്കിയ പന്തലുകളിലുമായി ഒരേസമയം 1500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ കഴിയും. ഇതിനായി ഇരുന്നൂറ്റിയമ്പതോളം വോളണ്ടിയര്‍മാരും തയാറായിക്കഴിഞ്ഞു.

ഗതാഗത തടസം ഒഴിവാക്കാനായി നൂറിലധികം പോലീസുകാരുടെ സേവനവും ലഭ്യമാക്കും. മാലിന്യസംസ്കരണത്തിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി സദ്യ കണ്‍വീനര്‍ ജി. വിജയന്‍, ജോയിന്റ് കണ്‍വീനര്‍ സി. അനില്‍കുമാര്‍, രാജേഷന്‍ കണ്ണന്‍കോട്, വിനേഷ് തിരുവോണം, അരുണ്‍ എന്നിവര്‍ അറിയിച്ചു.

Related posts