ഏറ്റുമാനൂര്‍: നിര്‍മാണം നടക്കുന്ന എം.സി റോഡില്‍ ഏര്‍പ്പെടുത്തിയ ഗതാഗതക്രമീകരണം പാളിയതുമൂലം വാഹനക്കുരുക്ക് രൂക്ഷമാകുന്നു. നീലിമംഗലത്തും ഏറ്റുമാനൂര്‍ ടൗണിലുമാണ് ഏറെ സമയം നീളുന്ന വാഹനക്കുരുക്കുണ്ടാകുന്നത്.നീലിമംഗലം പാലത്തിനു സമീപം റോഡ് നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. എം.സി റോഡില്‍ കുമാരനല്ലൂരിനും ഏറ്റുമാനൂരിനുമിടയില്‍ ഏര്‍പ്പെടുത്തിയിരുന്ന വണ്‍വേ ക്രമീകരണത്തില്‍ അയവുവരുത്തിയതോടെ ഇരുദിശകളില്‍ നിന്നും വാഹനങ്ങള്‍ വരികയാണിപ്പോള്‍. കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം പോകാനുള്ള വീതിയേ ഇവിടെ റോഡിനുള്ളു.
ഇരുദിശകളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഇവിടെ ഞെരുങ്ങി നിറയുന്നതോടെ ഇവിടെ കടന്നു കിട്ടാന്‍ മുക്കാല്‍ മണിക്കൂര്‍ വരെ വേണ്ടിവരുന്നു. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പോലീസുമില്ല.ഈ ഭാഗത്തെ നിര്‍മാണ ംപൂര്‍ത്തിയാകുന്നതുവരെ വണ്‍വേ കര്‍ശനമായി പാലിക്കണം. ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുമാരനല്ലൂര്‍ മേല്‍പാലം, മെഡിക്കല്‍ കോളജ്, അതിരമ്പുഴ വഴി തന്നെ തിരിച്ചുവിടണം. തവളക്കുഴി മുതല്‍ പാറോലിക്കല്‍ വരെ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഏറ്റുമാനൂര്‍ ടൗണില്‍ ഏതുസമയവും വന്‍വാഹനക്കുരുക്കാണ്.
അതിരമ്പുഴ റോഡില്‍ നിന്നും ക്രമാതീതമായി വാഹനങ്ങള്‍ ടൗണിലേക്കു കടക്കുന്നതും റോഡ് ആകെ ഇളക്കിമറിച്ചിട്ടിരിക്കുന്നതും പല കലുങ്കുകള്‍ ഒരേസമയം നിര്‍മിക്കുന്നതും ഇവയുടെ നിര്‍മാണം അനിശ്ചിതമായി നീളുന്നതുമെല്ലാം ടൗണിലെ വാഹനക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കോട്ടയം ഭാഗത്തുനിന്നും വരുന്നതും ടൗണിലേക്ക് കടക്കേണ്ടാത്തതുമായ വാഹനങ്ങള്‍ അതിരമ്പുഴ, കോട്ടമുറി വഴി വൈക്കം റോഡിലേക്കും അവിടെനിന്നും കാണക്കാരി, വെമ്പള്ളി വഴി എംസി റോഡിലേക്കും തിരിച്ചുവിട്ടാല്‍ ടൗണിലെ വാഹനക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.