വൈക്കം: മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക അന്തരിച്ച എം.കെ. കമലത്തിന്റെ വീട് ജപ്തി ഭീഷണിയില്‍. കടബാധ്യതയെത്തുടര്‍ന്ന് സഹകരണ ബാങ്ക് ജപ്തി ചെയ്യുന്ന സ്ഥിതി ഒഴിവാക്കാന്‍ കുടുംബത്തിന്റെ ദയനീയ സ്ഥിതി മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു. ഇന്നലെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു എംഎല്‍എ.
തുടര്‍ന്ന് എംഎല്‍എ ടി.വി പുരത്തുള്ള കമലത്തിന്റെ വീട്ടിലെത്തി മകള്‍ ഇന്ദുവിനെയും ഭര്‍ത്താവ് ദാസ് തോമസിനെയും കണ്ടു സംസാരിച്ചു. ഇവര്‍ അസുഖബാധിതരായി അവശനിലയിലാണ്. നിത്യ ചെലവിനും മരുന്നിനും വഴി കാണാതെ ഉഴലുന്ന നിര്‍ധന കുടുംബത്തിന് ആകെയുള്ള ആറു സെന്റു സ്ഥലവും വീടും ജപ്തി ഭീഷണിയിലാണെന്ന കാര്യം ദീപിക കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.