വടക്കഞ്ചേരി: മുടപ്പല്ലൂര്‍ തെക്കുംഞ്ചേരി എം.സാന്റ് യൂണിറ്റിനെതിരേയുള്ള സമരം വിജയിച്ചതിനു പിന്നില്‍ നാട്ടുകാരുടെ സംഘടിത മുന്നേറ്റം. നാടിന്റെ രക്ഷയ്ക്ക് രാഷ്്ട്രീയവും മറ്റു വിഭാഗീയ ചിന്തകളെല്ലാം മാറ്റിവച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അത് ഗ്രാമത്തിന്റെ മഹാവിജയമായി മാറുകയായിരുന്നു.പരിസ്ഥിതിക്കും കാര്‍ഷികവിളകള്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതമുണ്ടാക്കുന്ന കാടാങ്കോട്ടെ എം.സാന്റ് യൂണിറ്റ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസമാണ് സ്ത്രീകളും പിഞ്ചുകുട്ടികളും ഉള്‍പ്പെടെയുള്ള നൂറ്റമ്പതില്‍പരംപേര്‍ വഴിവക്കില്‍ പന്തല്‍കെട്ടി രാവും പകലും വ്യത്യാസമില്ലാതെ സമരം നടത്തിയത്.
സമരത്തിനു പിന്തുണയുമായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും എത്തിയതോടെ ജനകീയസമരത്തിനു ശക്തികൂടി. നിയമങ്ങള്‍ കാറ്റില്‍പറത്തി സമരക്കാരെ വെല്ലുവിളിച്ച് ക്വാറി ഉടമകള്‍ കോടതി ഉത്തരവില്‍ പോലീസ് സംരക്ഷണത്തോടെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിരോധം മറികടക്കാന്‍ അതിനായില്ല.നാട്ടുകാര്‍ക്കെതിരേ കേസെടുത്തും സമരക്കാരെ ഭിന്നിപ്പിച്ചും സമരം പൊളിക്കാനുള്ള ശ്രമങ്ങളും അസ്ഥാനത്തായി.
ലക്ഷ്യം കാണാതെ തിരിച്ചുപോക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് അധികൃതര്‍ക്കും എം.സാന്റ് യൂണിറ്റിനെതിരേ വൈകിയാണെങ്കിലും നടപടിയെടുക്കേണ്ടി വന്നത്. യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ ജില്ലാ വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് നല്കിയ പ്രവര്‍ത്തനാനുമതി ജില്ലാ കളക്ടര്‍ താത്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജനകീയ സമരസമിതി യോഗം ചേര്‍ന്ന് താത്കാലികമായി സമരം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. വലിയ ആഹ്ലാദപ്രകടനത്തോടെയാണ് സമരത്തിനു സമാപനം കുറിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചത്.
മുന്‍മന്ത്രി വി.സി.കബീര്‍ യോഗം ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് ആര്‍.സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.വേണു, വണ്ടാഴി പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണന്‍, അനിത പ്രമോദ്, സുരേഷ്, മേലാര്‍ക്കോട് പഞ്ചായത്തംഗം ഐ.മന്‍സൂര്‍ അലി, സമരസമിതി ചെയര്‍മാന്‍ ആര്‍.വിനോദ്, സന്തോഷ് അറയ്ക്കല്‍, ഗോപാലകൃഷ്ണന്‍, പ്രഫ. എന്‍.ശിവരാജന്‍, പി.കെ.ചന്ദ്രന്‍, പ്രമോദ് തണ്ടലോട്, ടി.എം.ശശി, എന്‍.സ്വാമിനാഥന്‍, അരവി, സൈതാവന്‍, ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ ്പ്രവര്‍ത്തിപ്പിക്കാന്‍ നിയമാനുസൃതമാണോ അനുമതി നല്കിയിട്ടുള്ളതെന്ന കാര്യം ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്കാനും കളക്ടര്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.