ചെറായി: കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എടവനക്കാട് അണിയല്‍ കടപ്പുറത്ത് മത്സ്യതൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന വല സൂക്ഷിപ്പു കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നബാര്‍ഡിന്റെ ധനസഹായത്തോടെ 35 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള തുറസായ ഈ കോണ്‍ക്രീറ്റ് കെട്ടിടത്തിനു 20 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയുമാണുള്ളത്. കടല്‍ഭിത്തിയോട് ചേര്‍ന്നാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ഇതോടെ എടവനക്കാട് സുനാമി കടപ്പുറത്ത് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വലകളുടെ കേടുപാടുകള്‍ തീര്‍ക്കാനും, അവ എടുത്ത് വയ്ക്കാനും, ഒരുക്കാനുമുള്ള സൗകര്യമാകും.
നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം ഉടന്‍ തന്നെ പഞ്ചായത്തിനു കൈമാറും. ഉടനെ തന്നെ ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും. വൈപ്പിനില്‍ എളങ്കുന്നപ്പുഴ കടപ്പുറത്തും, പശ്ചിമകൊച്ചിയില്‍ ചെല്ലാനം കടപ്പുറത്തും ഓരോ വല സൂക്ഷിപ്പു കേന്ദ്രങ്ങള്‍ കൂടി പണി പൂര്‍ത്തിയായി വരുന്നുണ്ട്.