കോട്ടയം: കറന്‍സികള്‍ പിന്‍വലിച്ചതോടെ ജനജീവിതം സ്തംഭനത്തിലേക്ക്. ഇന്നു രാവിലെയും ജില്ലയിലെ പ്രധാന ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. ഇന്നു ഉച്ചയോടെ എടിഎം കൗണ്ടറുകളില്‍ പണം നിക്ഷേപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. ഇന്നും നാളെയും പൊതുഅവധിയായതിനാല്‍ ബാങ്കുകളില്‍ തിരക്കു വര്‍ധിക്കാനുള്ള സാധ്യതയുള്ളതായി ജീവനക്കാര്‍ പറഞ്ഞു. നിര്‍മാണ മേഖലയില്‍ ആഴ്ചക്കൂലിയും വേതനവും കൊടുക്കേണ്ട ഇന്നു പണം കൈവശമില്ലാതെ വരുന്നതോടെ കുരുക്കു കൂടുതല്‍ മുറുകും. പാലും അരിയും പച്ചക്കറികളും മാത്രമല്ല വെള്ളവും വൈദ്യുതിയും പാചകവാതകവും അവതാളത്തിലാവുകയാണ്. കടകമ്പോളങ്ങള്‍ കച്ചവടം പാതി താഴ്ന്ന സ്ഥിതിയിലാണ്.
തുറന്ന കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളനക്കം തീരെ കുറവാണ്. പഴം, പച്ചക്കറി, മീന്‍, ഇറച്ചി കടകളില്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. വ്യാപാരികള്‍ സ്റ്റോക്കെടുക്കാന്‍ താല്പര്യപ്പെടുന്നില്ല. ബസുകളില്‍ യാത്രക്കാര്‍ തീരെ കുറഞ്ഞെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു. പെട്രോള്‍ ഡീസല്‍ പമ്പുകളില്‍ ഇന്നു മുതല്‍ 500, 1000 നോട്ടുകള്‍ എടുക്കാതെ വന്നാല്‍ ഓട്ടം നടക്കില്ലെന്നും ഓടിയാല്‍തന്നെ ഇന്ധനച്ചെവിനും ജീവനക്കാര്‍ക്കുള്ള വേതനത്തിനും വക കിട്ടുന്നില്ലെന്നും ബസുടമകള്‍ പറയുന്നു. ടാക്സികള്‍ക്ക് ഓട്ടമില്ലാതായി. വിവാഹം, ആഘോഷം എന്നിവ തീരുമാനിച്ചവര്‍ കടുത്ത അങ്കലാപ്പിലായി. ഇന്നും നാളെയും മറ്റന്നാളും കല്യാണങ്ങളും സദ്യകളും നടക്കണം. കേറ്ററിംഗ് സര്‍വീസുകാര്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള മാര്‍ഗവുമില്ലാതായി.
സ്വര്‍ണവും ഉടയാടകളും വാങ്ങാന്‍ പണമില്ലാതെ ജനങ്ങള്‍ ആശങ്കയിലാണ്. സ്വര്‍ണക്കടകളിലും വസ്ത്രാലയങ്ങളിലും ആളനക്കം തീരെ കുറഞ്ഞു. ആശുപത്രികളും മരുന്നു കടകളിലും പെട്രോള്‍ പമ്പുകളിലും നിരോധിച്ച നോട്ടുകള്‍ വാങ്ങുന്നതില്‍ എതിര്‍പ്പു പറഞ്ഞു തുടങ്ങി. ലക്ഷക്കണക്കിന് രൂപ കൈവശം സൂക്ഷിക്കേണ്ടിവന്നിരിക്കുകയാണ് ഈ സ്ഥാപനങ്ങള്‍. ഇത്രയും തുക എപ്പോള്‍, എങ്ങനെ മാറിയെടുക്കുമെന്ന് ഇവര്‍ക്ക് അറിയില്ല. തന്നെയുമല്ല പുതിയ സ്റ്റോക്കെടുക്കാന്‍ പണം വേറെ കണ്ടെത്തേണ്ടിവന്നിരിക്കുന്നു. കെഎസ്ഇബി, കെഎസ്എഫ്ഇ, ടെലിഫോണ്‍ ബില്ലുകളടക്കാനാവാതെ ജനം വലയുകയാണ്. മൊബൈല്‍ ഫോണുകള്‍ റീ ചാര്‍ജ് ചെയ്യാനാകാതെ വന്നതോടെ ആശയവിനിമവും സ്തംഭനത്തിലേക്കാണെന്ന തരത്തിലാണ കാര്യങ്ങളുടെ പോക്ക്.