മറയൂർ: മറയൂർ ചന്ദന റിസർവിന്റെ നാച്ചിവയൽ കുപ്പനോട ഭാഗത്ത് പുലിയെ കണ്ടെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ മറയൂർ പ്രദേശത്തിന്റേതല്ലെന്ന് വനംവകുപ്പ് അറിയിച്ചു. വീഡിയോയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്നും പ്രദേശത്ത് പുലിയില്ലെന്ന് പറയാൻ കഴിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം പ്രദേശവാസികൾ പുലിയെ കണ്ടതായി വിവരം പ്രചരിച്ചിരുന്നു. ചന്ദന റിസർവിനുള്ളിലും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതായും പറയുന്നു. ഇതേത്തുടർന്ന് ഉൾക്കാടുകളിൽ ഒറ്റയ്ക്ക് രാത്രി ഡ്യൂട്ടി ചെയ്യുന്ന വാച്ചർമാർ ഭീതിയിലാണ്.
ചന്ദനമരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുള്ള ഇവർക്ക് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു സുരക്ഷാ സംവിധാനവും ലഭിക്കുന്നില്ലെന്ന് വാച്ചർമാർ പറയുന്നു.
ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ മാത്രം കാട്ടിനുള്ളിൽ പട്രോളിംഗ് നടത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്.പലപ്പോഴായി വനത്തിനകത്ത് പുലിയെ കണ്ടിട്ടുണ്ടെന്ന് വാച്ചർമാരും പ്രദേശവാസികളും പറയുന്നുണ്ട്. എന്നാൽ, ഇതുവരെ പുലിയെ പിടികൂടാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പുലിയുടെ സാന്നിധ്യം ഉറപ്പായ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് പ്രധാന ആവശ്യം. വാച്ചർമാർക്ക് ആയുധങ്ങൾ, വയർലെസ് സെറ്റുകൾ, ഗ്രൂപ്പ് പട്രോളിംഗ് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യങ്ങളുണ്ട്. വീഡിയോയിലെ പുലി മറയൂരിലേതല്ലെങ്കിലും പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം സാധാരണമാണെന്ന് വനം ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്.

