എണ്ണപ്പനകൃഷി ജില്ലയിലും ആരംഭിക്കാന്‍ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ ശ്രമം

pkd-panaവടക്കഞ്ചേരി: തായ്‌ലന്റിലെയും മലേഷ്യയിലെയും ഇന്തോനേഷ്യയിലെയുമൊക്കെ കര്‍ഷകര്‍ വലിയ ലാഭമുണ്ടാക്കുന്ന എണ്ണപ്പനകൃഷി പാലക്കാട് ജില്ലയിലും ആരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഊര്‍ജിതശ്രമം. എണ്ണപ്പനകൃഷിയുടെ നല്ല ഭാവി കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതിനായി ഈമാസം 26ന് എളവമ്പാടം മാതൃകാ റബര്‍ ഉത്പാദകസംഘം ഹാളില്‍ ഓയില്‍പാം ഇന്ത്യയിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാര്‍ നടക്കും. രാവിലെ 10 മുതലാണ് പരിപാടി.ജില്ലയിലെ പരമാവധി റബര്‍ കര്‍ഷകരെ പങ്കെടുപ്പിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്ന്  എളവമ്പാടം ആര്‍പിഎസ് പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. ലാഭകരമായ കൃഷി സാധ്യതകളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുകയാണ് സെമിനാര്‍കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്.

റബര്‍ വളരുന്ന മണ്ണില്‍ എണ്ണപ്പനയും വളരുമെന്ന കണ്ടെത്തലിലാണ് ഓയില്‍പാം ഇന്ത്യ ഈ നൂതനകൃഷിക്ക് താത്പര്യം എടുക്കുന്നത്. റബറിനെ മാത്രം ആശ്രയിക്കാതെ ഭാവിയിലേക്കുള്ള സുരക്ഷിതകൃഷി എന്ന നിലയില്‍ എണ്ണപ്പന കൃഷിക്ക് വളരെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.റബര്‍ റീപ്ലാന്റ് ചെയ്യാനായി ഒരുക്കുന്ന തോട്ടങ്ങളിലും റബര്‍ വലിയ നഷ്ടമാകുന്ന പ്രദേശങ്ങളിലും എണ്ണപ്പനയാണ് ലാഭകരമെന്നു വിദഗ്ധര്‍ പറയുന്നു. എണ്ണപ്പന കൃഷി ചെയ്യുന്ന രാജ്യങ്ങളിലെ എണ്ണയുടെ വിപണി ഇന്ത്യയിലായതിനാല്‍ ഈ കൃഷിയുടെ സാധ്യതകളും വളരെ വലുതാണ്

.കൊല്ലത്തുള്ള ഓയില്‍പാം ഇന്ത്യയുടെ നഴ്‌സറിയില്‍നിന്നും ആവശ്യമുള്ള എണ്ണപ്പന തൈകള്‍ ലഭിക്കും. 14 മാസം പ്രായമായ തൈകളാണ് ലഭ്യമാകുക. തൈകള്‍ക്കായി ഇപ്പോഴേ ബുക്ക് ചെയ്യണം. ജൂണ്‍ മാസത്തിലാണ് തൈകള്‍ നടേണ്ടത്. മൂന്നുവര്‍ഷംകൊണ്ട് പന കായ്ക്കും. എണ്ണപ്പന കുരു ഓയില്‍പാം ഇന്ത്യ തന്നെ വില നല്കി സംഭരിക്കും. 250 ഏക്കര്‍ സ്ഥലത്തെങ്കിലും കൃഷിയുണ്ടെങ്കിലെ സംഭരണത്തിനു സൗകര്യമുണ്ടാകൂ.

ഇതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് വരുന്നത് എണ്ണപ്പന കൃഷി വലിയ ലാഭകരമാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ കൃഷിചെലവ് കൂടുതല്‍ ആദായം എന്നതാണ് സവിശേഷത. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 60,000 ഹെക്ടര്‍ സ്ഥലത്ത് ഇപ്പോള്‍ എണ്ണപ്പന കൃഷിയുണ്ടെന്നാണ് ഓയില്‍പാം ഇന്ത്യയുടെ കണക്ക്. രാജ്യത്ത് പത്തുലക്ഷം ഹെക്ടറില്‍ ഈ കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി.

കര്‍ഷകരുടെ സഹകരണത്തോടെ ഓയില്‍ പാം ഇന്ത്യവഴി കേരളത്തില്‍ 17,000 ഹെക്ടറില്‍ ഇപ്പോള്‍ എണ്ണപ്പന കൃഷിയുണ്ട്. അതിരപ്പിള്ളിയില്‍ 900 ഹെക്ടറിലുള്ള എണ്ണപ്പനതോട്ടം കര്‍ഷകര്‍ക്ക് ഈ വിളയെ അടുത്തറിയാനുള്ള സൗകര്യമുണ്ട്. എണ്ണപ്പന കൃഷിക്കായി സബ്‌സിഡി ഉള്‍പ്പെടെ എല്ലാ സാങ്കേതിക ഉപദേശങ്ങളും ഓയില്‍പാം ഇന്ത്യ നല്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 784 975 എന്ന നമ്പറില്‍ വിളിക്കാം.

Related posts