എന്റെ ഫോട്ടോ എടുക്കരുത്! ടെക്‌നോ പാര്‍ക്കില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങള്‍; തട്ടിപ്പ് നടത്തിയത് വനിതാ പോലീസാണെന്ന വ്യാജേന; യുവതി അറസ്റ്റില്‍

VISHNUPRIYAഅഞ്ചല്‍: ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ ഇളമ്പള്ളൂര്‍ കമ്യൂണിറ്റി ഹാളിന് സമീപം ചരുവിളപുത്തന്‍വീട്ടില്‍ വിഷ്ണുപ്രിയ(28)യെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

എഴുകോണ്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയാണെന്ന വ്യാജേനയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചടയമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അര്‍ക്കന്നൂര്‍, ആയൂര്‍ മേഖലകളിലെ 50-ഓളം പേരില്‍നിന്നും 15,000 മുതല്‍ 50,000 രൂപവരെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ടെക്‌നോപാര്‍ക്കില്‍ സെക്യൂരിറ്റിയായി ജോലിചെയ്യുന്ന ഓടനാവട്ടം സ്വദേശി സജീവുമായി ചേര്‍ന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. നിരവധിപേരില്‍ നിന്നും പിരിച്ചെടുത്ത മൂന്നുലക്ഷം രൂപ ഇയാള്‍ക്ക് കൈമാറിയെങ്കിലും ഒരാള്‍ക്കുപോലും നിയമനം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഇവര്‍ കുണ്ടറ പോലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സജീവ് ഒളിവിലാണ്.

ഉദ്യോഗാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നുമാണ് വിഷ്ണുപ്രിയ പണം കൈപ്പറ്റിയിരുന്നത്. പണം നല്‍കി  തട്ടിപ്പിനിരയായ അര്‍ക്കന്നൂര്‍ സ്വദേശി ഭുവനചന്ദ്രന്‍പിള്ളയുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പങ്കുള്ളതായാണ് പോലീസ് പറയുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിലുള്ള ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റിലായ യുവതിയുടെ ഫോട്ടോ എടുക്കുന്നതിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ഇവര്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ ഭീഷണിപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Related posts