നെയ്യാറ്റിന്‍കര: മുത്തശന്റെ സ്മരണ ദിനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ എം. വേണുഗോപാലന്‍തമ്പി സുഹൃത്തുക്കളോടൊപ്പം പതിവുപോലെ വഴുതൂര്‍ കാരുണ്യ മിഷനിലെത്തി. വിഭിന്നശേഷിയുള്ള അവിടുത്തെ അന്തേവാസികളോട് കുശലാന്വേഷണങ്ങള്‍ നടത്തി. പിന്നീട് അവരുടെയൊപ്പം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും കഴിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റും നെയ്യാറ്റിന്‍കര നഗരസഭയുടെ ആദ്യ ചെയര്‍മാനുമായിരുന്ന എന്‍.കെ പത്മനാഭപിള്ളയുടെ അനുസ്മരണ ദിനമായിരുന്നു ഇന്നലെ. ഗാന്ധിമിത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വഴുതൂര്‍ കാരുണ്യ മിഷനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ എന്‍.കെ യുടെ പേരക്കിടാവ് എം. വേണുഗോപാലന്തമ്പിയും പങ്കെടുത്തു.
എഴുപത്തിയഞ്ചുകാരനായ വേണുഗോപാലന്തമ്പിയുടെ മനസ്സില്‍ ഇപ്പോഴും മുത്തശ്ശനെക്കുറിച്ചുള്ള ഓര്‍മകള്‍ മങ്ങാതെ ബാക്കി. നെയ്യാറ്റിന്‍കരയുടെ രാഷ്ട്രീയ, സാമൂഹ്യ, വികസന രംഗങ്ങളില്‍ കര്‍മധീരനായ നേതാവായി പ്രവര്‍ത്തിച്ചിരുന്ന എന്‍.കെ 1873 -ല്‍ നെയ്യാറ്റിന്‍കര കിഴക്കേത്തെരുവ് ശ്രീകൃഷ്ണവിലാസത്തിലാണ് ജനിച്ചത്. മെട്രിക്കുലേഷന്‍, ഡിപ്ലോമ ഇന്‍ പ്ലീഡര്‍ഷിപ്പ് ബിരുദധാരിയായ അദ്ദേഹം ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയില്‍ ഒരു വ്യാഴവട്ടക്കാലം അംഗമായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിനുള്ള തിരുവിതാകൂര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 1921- ല്‍ പ്രക്ഷോഭം നയിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിള്ളയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് എന്‍.കെ പത്മനാഭപിള്ള അധ്യക്ഷനായി.
പിന്നീട് എന്‍.കെ യെ ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധം ചരിത്രപ്രസിദ്ധമായ നെയ്യാറ്റിന്‍കര വെടിവെയ്പ്പില്‍ കലാശിച്ചു. 1938 ഓഗസ്റ്റ് 31 ന് നടന്ന വെടിവെയ്പ്പില്‍ ഏഴു പേര് രക്തസാക്ഷികളായതായി ചരിത്രം രേഖപ്പെടുത്തുന്നു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാനായിരിക്കെ എന്‍.കെ ആവിഷ്കരിച്ച് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരവധി. 88 -ാമത്തെ വയസ്സില്‍ 1961 ജൂണ്‍ 21 -നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എന്‍.കെ യുടെ അന്തിമകാലഘട്ടത്തില് വേണുഗോപാലന്തമ്പിയാണ് മുത്തശ്ശനെ ശുശ്രൂഷിച്ചത്.
കാരുണ്യ മിഷനിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി എന്‍.കെ പത്മനാഭപിള്ളയുടെ അനുസ്മരണദിന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഗാന്ധിമിത്രമണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഗാന്ധി സ്മാരകനിധി അഖിലേന്ത്യ ചെയര്മാന് പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യത്തെ അറിഞ്ഞും ഉള്‍ക്കൊണ്ടുമാകണം പുതുതലമുറ വളരേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ അധ്യക്ഷയായിരുന്നു.
അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, എന്‍.ആര്.സി. നായര്‍, ജി. സോമശേഖരന്‍നായര്‍, ശൈലേന്ദ്രന്, അയണിത്തോട്ടം കൃഷ്ണന്‍നായര്‍, അഡ്വ. മുഹിനുദ്ദീന്‍, അഡ്വ. ജയചന്ദ്രന്, രവീന്ദ്രന്, എസ്.കെ. ജയകുമാര്‍, ഇലിപ്പോട്ടുകോണം വിജയന്, പുന്നാവൂര്‍ അശോകന്, കാരുണ്യ മിഷന് പ്രിന്‍സിപ്പാള്‍ അനിത എന്നിവര്‍ പ്രസംഗിച്ചു.