എയര്‍ ഇന്ത്യ പൈലറ്റുമാരുടെ ‘അഭ്യാസം’’ ഇനി നടപ്പില്ല! അന്തിമ തീരുമാനം എയര്‍ ഇന്ത്യയുടെ ക്രൂ മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) എടുക്കും

airindiaന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെയും കാബിന്‍ അംഗങ്ങളുടെയും ‘അഭ്യാസം’ ഇനി നടപ്പില്ല. തങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലിക്കാരെ വിമാനത്തിനുള്ളില്‍ നിയമിക്കുന്ന പൈലറ്റുമാരുടെയും കാബിന്‍ അംഗങ്ങളുടെയും രീതിക്ക് എയര്‍ ഇന്ത്യ കടിഞ്ഞാണിടുന്നു. ഇനി മുതല്‍ ആരൊക്കെ ഡ്യൂട്ടിയില്‍ പ്രവേശിക്കണമെന്നതിന്റെ അന്തിമ തീരുമാനം എയര്‍ ഇന്ത്യയുടെ ക്രൂ മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) എടുക്കും. ഇതു സംബന്ധിച്ച ഉത്തരവ് എയര്‍ ഇന്ത്യ പുറപ്പെടുവിച്ചു.

പൈലറ്റുമാരും കാബിന്‍ അംഗങ്ങളും തങ്ങളുടെ ഇഷ്ടക്കാരായ ജോലിക്കാരെ വിമാനത്തിനുള്ളില്‍ ജോലിക്ക് ലഭിക്കാനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനെതിരേ വ്യാപകമായ പരാതിയും ആക്ഷേപവും ഉയര്‍ന്നതോടെയാണ് പുതിയ നീക്കം. ഇത്തരം ആവശ്യങ്ങളുമായി ക്രൂ മാനേജ്‌മെന്റ് സിസ്റ്റത്തെ ഇനി സമീപിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

പൈലറ്റിന്റെ ഇഷ്ടമുള്ള സഹപൈലറ്റ് അല്ലാതിരുന്നു എന്ന കാരണത്താല്‍ ചെന്നൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം ഏതാനം മാസം മുമ്പ് വൈകിയത് വിവാദമായിരുന്നു. വനിതാ സഹ പൈലറ്റിനെ മാറ്റിയാല്‍ മാത്രമേ വിമാനം എടുക്കൂ എന്നതായിരുന്നു പൈലറ്റിന്റെ നിലപാട്. 110 യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതേത്തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് യാത്ര ആരംഭിച്ചത്.

Related posts