വൈപ്പിന്‍: പലഹാരങ്ങള്‍ വറുത്തശേഷം ബാക്കിയാകുന്ന എണ്ണ ഇനി ഉപേക്ഷിക്കാന്‍ വരട്ടെയെന്നാണ് പറവൂര്‍ മാഞ്ഞാലി ശ്രീനാരായണഗുരു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ആര്‍. രവീണ്‍കുമാര്‍, അതുല്‍ ജിയോ , സി.വി. രാഹുല്‍, സി.എം. അഭജിന്‍ എന്നിവര്‍ പറയുന്നത്. ട്രാന്‍സ്എസ്റ്ററിഫിക്കേഷന്‍ എന്ന കെമിക്കല്‍ പ്രോസസിലൂടെ ഇത് ബയോ ഡീസല്‍ ആക്കി മാറ്റാം എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
പ്രോജക്റ്റ് ഗൈഡ് അസി. പ്രഫസര്‍ അമല്‍ദേവിന്റെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ കഴിഞ്ഞ ആറുമാസത്തെ കഠിനപരിശ്രമത്തിലൂടെയാണ് നാല്‍വര്‍സംഘം ഈ സാങ്കേതിക വിദ്യ കണ്ടെത്തിയത്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇവര്‍ ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയില്‍നിന്നും ബയോ ഡീസല്‍ ഉണ്ടാക്കി പുതുതായി വാങ്ങിയ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റില്‍ പരീക്ഷിക്കുകയും ചെയ്തു. ഉപയോഗ ശൂന്യമായ എണ്ണ മാത്ര മല്ല മൃഗങ്ങളുടെ നെയ്യും ബയോഡീസലായി മാറ്റാനാകും.
ഒരു ലീറ്റര്‍ ബയോഡീസലുണ്ടാക്കാന്‍ ഇവര്‍ക്ക് 74 രൂപ ചെലവായി. വന്‍തോതില്‍ ഉത്പാദിപ്പിച്ചാല്‍ ചെലവ് 34 രൂപയിലൊതുക്കാനാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബയോ ഡീസല്‍ വാഹനങ്ങളില്‍ നേരിട്ടും സാധാരണ ഡീസലിനൊപ്പം ചേര്‍ത്തും ഉപയോഗിക്കാം.കാഴ്ചയില്‍ പെട്രോളിയം ഡീസല്‍ പോലെ സുമുഖനല്ലെങ്കിലും കാര്യക്ഷമതയില്‍ തുല്യശക്തികളാണെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. മലിനീകരണം വളരെ കുറവുമാണ്. ഇതിലുപരി വറുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്നതു തടയുക വഴി ഭക്ഷ്യ സുരക്ഷിതത്വം കൂടി ഉറപ്പാക്കാനാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ബയോഡീസല്‍ ഉത്പാദന ഫോര്‍മുല സര്‍ക്കാരിനു കൈമാറാനും അവര്‍ തയാറാണ്.ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതുപോലെ ബയോഡീസല്‍ പ്ലാന്റുകള്‍ വീടുകളില്‍ സ്ഥാപിച്ച് വീട്ടില്‍ തന്നെ ഡീസല്‍ ഉത്പാദിപ്പിക്കാനാകുമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.