എരുമേലി: ഈ സ്വാതന്ത്ര്യദിനത്തില്‍ എരുമേലിക്കാര്‍ക്ക് അഭിമാനിക്കാം. എതിര്‍പ്പുകള്‍ അതിജീവിച്ച് കൈയേറ്റങ്ങളെല്ലാം ഒഴിപ്പിച്ച് ശബരിമല പരമ്പരാഗത പാത ഗ്രാമപഞ്ചായത്ത് അധികൃതര്‍ തുറന്നു. ഒട്ടേറെ റിംഗ് റോഡുകളുണെ്ടങ്കിലും തീര്‍ഥാടനകാലത്തെ തിരക്ക് പരിഹരിക്കാന്‍ കഴിയാത്തതിന് പരിഹാരമാകുന്ന പാതയാണ് തുറന്നത്. സഞ്ചാര യോഗ്യമാക്കിയ ഈ പാത ഗതാഗത യോഗ്യമാക്കിയാല്‍ സമാന്തരപാതയാക്കാം.
പേട്ടക്കവലയില്‍ നിന്നു നേര്‍ച്ചപ്പാറ റോഡിലൂടെ കുടുക്കവള്ളി റബര്‍ത്തോട്ടത്തിലൂടെ പേരൂര്‍തോട്ടിലെത്തുന്ന ആദ്യകാലത്തെ പാതയാണ് പഞ്ചായത്ത് തടസങ്ങള്‍ നീക്കി തുറന്നത്. കാഞ്ഞിരപ്പള്ളി റോഡ് എരുമേലിയുടെ തുടക്കമായി കൊരട്ടിയിലെത്തുമ്പോള്‍ കണ്ണിമല റോഡിലേക്ക് തിരിഞ്ഞ് ഉറുമ്പില്‍പടി പാലം വഴി ഈ പാതയിലേക്ക് പ്രവേശിക്കാനാകും. ഇതിനായി പേരൂര്‍തോട് മുതല്‍ ഉറുമ്പില്‍പടി വരെ റോഡ് നിര്‍മിച്ച് ടാര്‍ ചെയ്യണം. ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മരാമത്ത് മന്ത്രി അംഗീകരിക്കുകയും എസ്റ്റിമേറ്റ് തയാറാക്കിയതുമാണ്. ശബരിമലയിലേക്ക് നടന്നു പോകാനാഗ്രഹിക്കുന്ന ഭക്തരെല്ലാം എരുമേലിയിലെത്തി കൊച്ചമ്പലത്തില്‍ നിന്നുമാണ് കാല്‍നട യാത്ര ആരംഭിക്കുന്നത്.
കൊച്ചമ്പലം മുതല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡ്, ചരള, ആനക്കല്ല്, പ്രപ്പോസ്, പേരൂര്‍തോട് വരെ മുണ്ടക്കയം സംസ്ഥാന ഹൈവേയാണ്. അനിയന്ത്രിതമായ ഗതാഗതത്തിരക്കിനിടയിലൂടെ റോഡിന്റെ മുക്കാല്‍പങ്കും ഭക്തര്‍ നിറയുന്ന തീര്‍ഥാടനകാലം ഇവിടെ അപകടത്തിന്റെ നടുവിലാണ്. ഇതിനു പരിഹാരമാണ് ആദ്യകാല പാത. ദര്‍ശനത്തിനു പോകുന്നതും മടങ്ങുന്നതുമായ വാഹനങ്ങളെ വഴിതിരിച്ചുവിടാനും എരുമേലി ടൗണ്‍ ഒഴിവാക്കി കടത്തിവിടാനും ഈ പാത ഉപകരിക്കും.
അയ്യപ്പഭക്തര്‍ ഈ പാത തെരഞ്ഞെടുക്കാനാണ് ഇനി നടപടികള്‍ ഉണ്ടാകേണ്ടത്. ആവശ്യമായ വഴി വിളക്കുകള്‍ സജ്ജീകരിക്കാന്‍ തയാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. കൂടാതെ, പോലീസ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തേണ്ടിവരും. ഇതുവരെ മുണ്ടക്കയം റോഡിലൂടെ നടന്ന് യാത്ര ചെയ്ത ഭക്തര്‍ ഇനി ഈ പാത ഉപയോഗിക്കണമെങ്കില്‍ ബോധവത്കരണവും ഭക്തര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇടപെടലുമുണ്ടാകണം. അതാണ് ഇനി അറിയേണ്ടത്. പാതയ്ക്കുവേണ്ടി മുറവിളി കൂട്ടിയവരുടെ സഹകരണമാണ് ഇനിയുണ്ടാവേണ്ടതെന്നു ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു.