എല്‍ദോ ഏബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം: തൃക്കളത്തൂര്‍ ആഹ്ലാദത്തിമിര്‍പ്പില്‍

ekm-eldhoമൂവാറ്റുപുഴ: നിയോജക മണ്ഡല ത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ ഥിയായി എല്‍ദോ ഏബ്രഹാമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച വിവരം പുറത്തു വന്നതോടെ ജന്മഗ്രാമമായ തൃക്കളത്തൂരില്‍ ആവേശം അലയടിച്ചു. അഭിനന്ദനവും പിന്തുണയുമായി പായിപ്ര പഞ്ചായത്ത് 20-ാം വാര്‍ഡിലെ എല്‍ദോ എബ്രഹാമിന്റെ കൊച്ചു വീട്ടിലേക്ക് സുഹൃത്തുക്കളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു പിന്നീട്. ഗുരുനാഥന്‍മാര്‍, സുഹൃത്തുക്കള്‍ അയല്‍ക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,സഹപാഠികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധിപ്പേര്‍ വീട്ടിലേക്ക് ഒഴുകിയെത്തി.

വീട്ടില്‍ എത്തിയവരെ മാതാവ്  ഏലിയാമ്മയും പിതാവ് ഏബ്രഹാമും സഹോദരി പുത്രിയും ചേര്‍ന്ന് സ്വീകരിച്ചു. വന്നവര്‍ക്കെല്ലാം ലഡുവും ചായയും നല്‍കി. ജില്ലാപഞ്ചായത്തംഗം എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.ഹാരിസ്, സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍. സുകുമാരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനന്‍, ജോളി പി. ജോര്‍ജ്,വി.എം.നവാസ്,കെ.എസ്.റഷീദ്, കെ.എ. സനീര്‍, കെ.കെ. ശ്രീകാന്ത്,കെ.എ. നവാസ്,ടി. സലിംകുമാര്‍ തുടങ്ങിയവരും ആശംസകളുമായെത്തിയിരുന്നു. ചെറുവീടിന്റെ മുറ്റത്ത് ചേര്‍ന്ന യോഗത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ സ്ഥാനാര്‍ഥി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും അനുഗ്രഹം തേടി. മാതാവ് ഏലിയാമ്മ മകന്  ലഡു നല്‍കി വിജയാശംസ നേര്‍ന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം കാതോര്‍ത്തിരുന്ന അണികളും ടിവിയിലൂടെ പ്രഖ്യാപനം കേട്ടതോടെ ആവേശത്തിലായി. മുന്‍കൂട്ടി തയാറാക്കി വച്ചിരുന്ന ഫ്‌ളക്‌സുകള്‍ ടൗണുകളിലെല്ലാം സ്ഥാപിക്കുന്ന തിരക്കിലായി പിന്നീട് ഇവര്‍. കച്ചേരിത്താഴത്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്ഥാനാര്‍ഥിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ശ്രദ്ധേയമാണ്.

Related posts