എഴുപത്തിയഞ്ചാം വയസിലും തെയ്യമായ് ദാറൂട്ടി പണിക്കര്‍

KNR-THEYYAMകൂത്തുപറമ്പ്: എട്ടാം വയസില്‍ കുട്ടിതെയ്യമായ ആടിവേടന്‍ കെട്ടി അരങ്ങേറ്റം കുറിച്ചതാണ് ദാറൂട്ടി പണിക്കര്‍. തുടര്‍ന്നിങ്ങോട്ട് വിശ്രമമില്ലാതെ 75-ാം വയസിലും കാവുകളിലും ക്ഷേത്രസന്നിധികളിലും നിറഞ്ഞാടുകയാണ് ഈ കോലധാരി. കോട്ടയം കൂവ്വപ്പാടിയിലെ എം. ദാറൂട്ടി പണിക്കര്‍ 13-ാം വയസില്‍ കോട്ടയം രാജകഴകമായ ശ്രീകോലാവില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടിയായിരുന്നു ഈ രംഗത്തേക്കുള്ള തുടക്കം.

കൂവ്വപ്പാടി മടപ്പുര, ചടയത്ത് മടപ്പുര, തവരക്കാവ്, ആനോളി ക്ഷേത്രം മണ്ടേങ്കാവ് എന്നിവിടങ്ങളില്‍ കരിംകുട്ടി ശാസ്തപ്പന്‍, ഗുളികന്‍ എന്നീ തെയ്യങ്ങളും കെട്ടിയാടി. നുള്ളിങ്കണ്ടി, പൈക്കാട് കുട്ടിച്ചാത്തന്‍ മഠം എന്നിവിടങ്ങളില്‍ വസൂരിമാല, ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടി. പ്രശസ്തമായ പഴയേടത്ത് ഇല്ലത്തുള്ള ദേവതയായ കൈതചാമുണ്ഡി തെയ്യം നരവൂര്‍ കുഞ്ഞൂട്ടി പെരുമലയന് ശേഷം ബാലകൃഷ്ണ പെരുമലയനും തുടര്‍ന്ന് രണ്ട് ദശാബ്ദകാലമായി നരവൂര്‍ ചാത്താടിമനയില്‍ ഇദ്ദേഹമാണ് കൈതചാമുണ്ഡി തെയ്യം കെട്ടിയാടുന്നത്.

കോട്ടയം മാതുക്കാവില്‍ കൈതചാമുണ്ഡി തെയ്യം തുടങ്ങിയത് മുതല്‍ ഇദ്ദേഹമാണ് ഈ തെയ്യത്തിന്റെ കോലധാരി. പതിവുപോലെ ഈ വര്‍ഷത്തെ തിറയാഘോഷമായ ഈ മാസം 27ന് രാവിലെ മാതുകാവില്‍ ഇദ്ദേഹം കരിചാമുണ്ഡി കെട്ടിയാടും. കോലാധാരിയായി രൗദ്രഭാവത്തില്‍ നിറഞ്ഞാടുന്നതിനിടെ ആര്‍പ്പുവിളികളുമായി പിന്തുടരുന്ന ഭക്തര്‍ക്കൊപ്പം ക്ഷേത്രത്തില്‍നിന്നും വളരെ ദൂരത്തോളം നടന്നുപോയി കൈതച്ചെടി പിഴുതെടുത്ത് തിരിച്ചുവരുന്നതാണ് ഈ തെയ്യത്തിന്റെ പ്രധാന ചടങ്ങ്.

അസുരനെ നിഗ്രഹിച്ച് ചുമലിലേറ്റ് കൊണ്ടുവരുന്നതായാണ് ഇതിന്റെ സങ്കല്‍പം. ഈ പ്രായത്തില്‍ തെയ്യം കെട്ടിയാടുന്ന കോലധാരികള്‍ വളരെ അപൂര്‍വമായേയുള്ളു. ഓണേശ്വരന്‍, കരുവാള്‍ ഭഗവതി, മലംകുറത്തി തുടങ്ങിയ കലാരൂപങ്ങളും ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്. ദാറൂട്ടി പണിക്കരുടെ മകന്‍ വൈശാഖും തെയ്യംകലാകാരനാണ്. 2012ലെ നാടന്‍കലാ അക്കാദമി ഫെലോഷിപ്പ് ജേതാവ് മരണപ്പെട്ട കോട്ടയം ബാലന്‍ പണിക്കരുടെ സഹോദരനാണ് ദാറൂട്ടി പണിക്കര്‍.

Related posts