ആര്‍.കെ.പ്രദീപ്
വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ മലബാറിലെ എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി ബിഡിജെഎസ് എന്ന രാഷ്ട്രീയപാര്‍ട്ടി നിലവില്‍ വരികയും ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കിലും എസ്എന്‍ഡിപി അണികളില്‍ മിക്കവര്‍ക്കും ഇത് ഉള്‍ക്കൊള്ളാനായിട്ടില്ല. കാലാകാലങ്ങളിലായി ഇടതു-വലതു മുന്നണികളുമായി ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് മലബാര്‍ മേഖലയിലെ എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ ഏറേയും. തീവ്രഹൈന്ദവ നിലപാടു സ്വീകരിക്കുന്ന ആര്‍എസ്എസുകാരായ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യുന്ന കാര്യത്തില്‍ ഇവര്‍ മാനസികമായി അനുകലമല്ല.
പിന്നോക്ക ജാതിയും എസ്എന്‍ഡിപിയോട് നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് വോട്ട് എന്നതായിരുന്നു മുന്‍ തെരഞ്ഞെടുപ്പുകളില്‍ സംഘടനയുടെ നിലപാട്. ഇതിനായി സ്ഥാനാര്‍ഥികളുടെ ജാതി അന്വേഷിച്ച് പോയ അവസ്ഥ ഉണ്ടായിരുന്നു. ഇത്തവണ ബിഡിജെഎസ് വന്നതോടെ എസ്എന്‍ഡിപി പൂര്‍ണമായും എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഈ രൂപത്തിലുള്ള പ്രവര്‍ത്തനവും ഇടപെടലുമല്ല സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പലയിടത്തും തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ബിഡിജെഎസിനെ ഉള്‍പെടുത്തിയെന്നല്ലാതെ അണികള്‍ പ്രവര്‍ത്തനസജ്ജരല്ല. എസ്എന്‍ഡിപി നേതൃത്വവും അണികളും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലെങ്കിലും വ്യത്യസ്ത ധ്രുവങ്ങളിലാണെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം നേതൃത്വം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
തൃശൂരിനു വടക്കോട്ട് മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ബിഡിജെഎസ് ഉള്‍പെടുന്ന എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ അയച്ചതല്ലാതെ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശമില്ലെന്നും ആരിലും സമ്മര്‍ദം ചെലുത്തുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. വടക്കന്‍ ജില്ലകളിലെ എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും സിപിഎം അനുഭാവികളാണ്. ചില ശാഖകളില്‍ ഭാരവാഹികള്‍പോലും സിപിഎം അംഗങ്ങളാണ്. ഈയൊരു സാഹചര്യത്തില്‍ എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്നു ശക്തമായി പറയാനാവില്ലെന്നു നേതൃത്വം മനസിലാക്കിയിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷം വടക്കന്‍ മേഖലയില്‍ ഇതേ സമീപനം തുടരാം എന്നതാണ് സംഘടനാ നിലപാട്. ബിഡിജെഎസ് രൂപീകരിക്കുകയും അത് ബിജെപി പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തതില്‍ മാനസികമായി നീരസം പ്രകടിപ്പിക്കുന്നവര്‍ മലബാര്‍ മേഖലയില്‍ ധാരാളമുണ്ട്.
ഇവരുടെ അതൃപ്തി സംഘടനക്കു ക്ഷീണം ചെയ്യുമെന്ന് കണ്ടാണ് കര്‍ശന നിലപാട് കൈക്കൊള്ളുന്നതില്‍ നിന്ന് എസ്എന്‍ഡിപി പിന്നോക്കം പോയിരിക്കുന്നത്. ബിഡിജെഎസ് എന്ന രാഷ്ട്രീയ സംഘടനക്ക് എസ്എന്‍ഡിപിയുമായി ബന്ധമില്ലെന്നു പോലും പറയാന്‍ മലബാര്‍ മേഖലയിലെ നേതാക്കള്‍ ശ്രദ്ധിക്കുന്നു. ഇക്കാര്യം മനസിലാക്കിയാണ് ഈ മേഖലയിലെ ഇടതു-വലതു മുന്നണികളുടെ പ്രവര്‍ത്തനവും. എസ്എന്‍ഡിപി അണികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണത്തിനു പകരം അവരെ കൂടി ആകര്‍ഷിച്ച് വോട്ട് പെട്ടിയിലാക്കുന്നതിനു മുന്നണികള്‍ പ്രത്യേകം ശ്രദ്ധിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും എസ്എന്‍ഡിപിക്ക് എതിരായ ആക്ഷേപങ്ങളുടെ മൂര്‍ച്ച പൊതുവെ കുറഞ്ഞിട്ടുണ്ട്. അതേസമയം തൃശൂരിനു തെക്ക് ബിഡിജെഎസ് നല്ല മുന്നേറ്റം കാഴ്ചവെക്കുമന്നാണ് എസ്എന്‍ഡിപി കണക്കുകൂട്ടുന്നത്. കയ്പമംഗലം, കുട്ടനാട്, ഇടുക്കി, കോവളം എന്നിവിടങ്ങളില്‍ വിജയപ്രതീക്ഷയുമുണ്ട്. ഇതിലൂടെ അടുത്ത വര്‍ഷങ്ങളില്‍ മലബാര്‍ മേഖലയിലെ അണികളെ പൂര്‍ണമായും ബിഡിജെഎസിനു വിധേയമാക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.