എസ്എന്‍ഡിപിയുടെ ഇപ്പോഴത്തെ നേതൃത്വം വര്‍ഗീയകോമരങ്ങളെന്ന് വി.എം. സുധീരന്‍

ktm-sudheeranചേര്‍ത്തല: എസ്എന്‍ഡിപിയുടെ ഇപ്പോഴത്തെ നേതൃത്വം വര്‍ഗീയ കോമരങ്ങളെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ആലപ്പുഴ ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്രവിളംബരത്തിന്റെ നൂറാംവാര്‍ഷികത്തില്‍ ചേര്‍ത്തല കളവംകോടത്ത് സംഘടിപ്പിച്ച മാനവമൈത്രി സംഗമം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ പരിപാലനയോഗം നേതാക്കള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഇപ്പോഴുള്ള നേതാക്കള്‍ വര്‍ഗീയ-രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സ്വാര്‍ഥ താല്പര്യത്തിനായി ഉപയോഗിച്ചത് ജനം തിരിച്ചറിഞ്ഞു. ഗുരുദേവ ദര്‍ശനങ്ങളുടെ നൂറാംവാര്‍ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇനിയെങ്കിലും ഇപ്പോഴുള്ള യോഗ നേതാക്കള്‍ തെറ്റുതിരുത്തി മുന്നോട്ടുപോകേണ്ട സമയമാണ്.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രാബല്യത്തിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗാന്ധിജി ജനിച്ച നാട്ടിലും ദളിത്പീഡനം തുടരുകയാണ്. മോദിയുടെ കേന്ദ്ര ഭരണവും കേരളത്തിലെ പിണറായിഭരണവും ഒരു പോലെയാണെന്നും സുധീരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ അധ്യക്ഷനായി. കെ.സി. വേണുഗോപാല്‍ എംപി, പി.സി. വിഷ്ണുനാഥ്, അബ്ദുള്‍ ഗഫൂര്‍ഹാജി, അഡ്വ. സി.കെ. ഷാജിമോഹന്‍, അഡ്വ. സി.ആര്‍. ജയപ്രകാശ്, ജോണ്‍സണ്‍ ഏബ്രഹാം, അഡ്വ. സി.വി. തോമസ്, അഡ്വ. എസ്. ശരത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts