മനോരോഗിയായ അച്ഛന്റെ മരണശേഷം മകനെ ബന്ധു ‘ വട്ടന്റെ മകന്‍’ എന്നു വിളിച്ച് ആക്ഷേപിച്ചു; നിയന്ത്രണം വിട്ട യുവാവ് ചെയ്തത് കേട്ടാല്‍ ആരും ഞെട്ടും !

ഭ്രാന്തന്റെ മകന്‍ എന്നു വിളിച്ച് ആക്ഷേപിച്ച ബന്ധുവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ യുവാവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അപ്പനാത്ത് വീട്ടില്‍ ഷനില്‍കുമാര്‍ എന്ന കണ്ണനെയാണ് (33) തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ ജീവപര്യന്തം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്. വെങ്കിടങ്ങ് സ്വദേശിയായ അപ്പനാത്ത് വീട്ടില്‍ കൃഷ്ണനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പാവറട്ടി പോലീസാണ് ഷനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി. 2009 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി ഷനില്‍കുമാര്‍ എന്ന കണ്ണനും മരണപ്പെട്ട കൃഷ്ണനും അടുത്ത ബന്ധുക്കളും അയല്‍വാസികളും ആയിരുന്നു. ഷനില്‍കുമാറിന്റെ പിതാവ് മാധവന്‍ മനോരോഗിയായിരുന്നു. പിതാവ് മരണപ്പെട്ടതിനുശേഷം ഷനില്‍കുമാറിനെ കൊല്ലപ്പെട്ട കൃഷ്ണന്‍ പല സ്ഥലങ്ങളില്‍ വെച്ചും പരസ്യമായി നീ ഭ്രാന്തന്റ മകന്‍ അല്ലേടാ എന്ന് വിളിച്ച് ആക്ഷേപിക്കാറുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഷനില്‍കുമാര്‍ മുന്‍കൂട്ടി ആസൂത്രണം നടത്തി കൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

വെങ്കിടങ്ങ് കരുവന്തല ഭഗവതി ക്ഷേത്രത്തിനടുത്തു വെച്ചാണ് കൃഷ്ണനെ പ്രതിയായ ഷനില്‍കുമാര്‍ വെട്ടിപരുക്കേല്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം പ്രതി സ്നേഹം നടിച്ച് കൃഷ്ണനെ കരുവന്തല കള്ളുഷാപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ഷാപ്പില്‍ നിന്ന് ഒരുമിച്ച് ഇറങ്ങി. തുടര്‍ന്ന് കരുവന്തല ഭഗവതി ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ പ്രതി ആല്‍ത്തറയില്‍ ഒളിപ്പിച്ച വാക്കത്തി എടുത്ത് കൃഷ്ണനെ പുറകില്‍നിന്ന് വെട്ടിപ്പരുക്കേല്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ രക്തം പുരണ്ട വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അകറ്റി നിര്‍ത്തി. പാവറട്ടി സബ് ഇന്‍സ്പെക്ടര്‍ അനില്‍ ജെ. റോസും സംഘവുമെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തു നീക്കിയത്.

Related posts