വടക്കഞ്ചേരി: എസ്എസ്എല്‍സി പരീക്ഷ നാളെമുതല്‍ തുടങ്ങാനിരിക്കേ വിദ്യാര്‍ഥികള്‍ പഠനചൂടിലാണ്. അത്യുഷ്ണവും കത്തുന്ന പകല്ചൂടിനുമൊപ്പം പരീക്ഷയ്ക്കുള്ള അവസാന മിനുക്കുപണികളിലാണ് കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ മാനേജ്മെന്റുകളെല്ലാം. ചൂടിന്റെ അസ്വസ്ഥതകള്‍ അസഹ്യമാണെങ്കിലും എല്ലാം സഹിച്ച് നല്ലഭാവി ലക്ഷ്യംവച്ചുള്ള പഠനതിരക്കുകളിലാണ് വിദ്യാര്‍ഥികള്‍. എല്‍കെ.ജി മുതല്ക്കുള്ള പഠനത്തിന്റെ നെല്ലും പതിരും തിരിക്കുന്ന പരീക്ഷണഘട്ടമാണിത്. ജീവിതത്തിന്റെ വഴിത്തിരിവും ഒരുപക്ഷേ ഇതുതന്നെയാകും. എങ്ങനെയെങ്കിലും പാസായാലും ഇന്നു രക്ഷയില്ല.
ഗ്രേഡുകളില്‍ മികച്ചതുതന്നെ കിട്ടണം. അതല്ലെങ്കില്‍ ഉപരിപഠന സാധ്യതകള്‍ മങ്ങും. മൂല്യനിര്‍ണയ സമ്പ്രദായം കര്‍ക്കശമല്ലാത്തതിനാല്‍ പത്താംക്ലാസ് കടമ്പ കടക്കല്‍ പണ്ടത്തേതുപോലെ ബുദ്ധിമുട്ടുള്ളതല്ല. എങ്കിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നവര്‍ തന്നെയാണ് മിടുക്കന്മാരും മിടുക്കികളുമാകുക. സ്കൂള്‍ അധികൃതര്‍ക്കും ഇത്തരക്കാരോടാണ് താത്പര്യമേറെ. സ്കൂളിന്റെ സല്പേര് നാടറിയണമെങ്കില് ഫുള്‍ പ്ലസുകാരുടെ എണ്ണം ഉയരണം. രക്ഷിതാക്കള്‍ക്കും ഇതേ മോഹം തന്നെയാണുള്ളത്.ആയക്കാട് ഉള്‍പ്പെടെ ജില്ലയിലെ ഒരു ഡസനോളം പ്രീമെട്രിക് ഹോസ്റ്റലുകളിലും പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പഠനത്തിരക്കുകളിലാണ്. ദിവസത്തിലെ പഠനസമയം ദീര്‍ഘിപ്പിച്ച് പഠിച്ച പാഠഭാഗങ്ങള്‍ പലകുറി മനസിലുറപ്പിക്കുകയാണ് ഇവര്‍.
ആണ്‍കുട്ടികള്‍ക്കായുള്ള ആയക്കാട് പ്രീമെട്രിക് ഹോസ്റ്റലില്‍നിന്നും ഈ വര്‍ഷവും ആറുപേരാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കെ.മഹേഷ്, കെ.കിരണ്‍, പി.അബിന്‍, കെ.അജീഷ്, സി.രഞ്ജിഷ്, ആര്.ഷൈദു എന്നിവരാണ് ഹോസ്റ്റലില്‍നിന്നും പരീക്ഷയെഴുതുന്നവര്‍. ആയക്കാട് സിഎ എച്ച്എസ്എസാണ് സെന്റര്‍. ഉച്ചകഴിഞ്ഞാണ് പരീക്ഷ. സംശയങ്ങള്‍ തീര്‍ക്കാനും പരീക്ഷാപ്പേടി മാറ്റാനും ഇവര്‍ക്കൊപ്പം ട്യൂഷന് ടീച്ചര്മാരുണ്ട്. രാവിലെ അഞ്ചിന് എഴുന്നേല്ക്കും. ദിവസം മുഴുവന്‍ പഠനത്തിനു തന്നെയാണ് മുന്‍ഗണന.
രാത്രി ഒമ്പതരയ്ക്കാണ് ഉറക്കം. നല്ല വിജയമാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നതെന്ന് ട്യഷന്‍ ടീച്ചറായ ഷീലയും വാര്ഡന് വിജയനും പറയുന്നു. കുട്ടികള്‍ക്കും ഇതില്‍ എതിരഭിപ്രായമില്ല. കഴിഞ്ഞദിവസം എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.