കുമാരമംഗലം: കാടുകയറി, പൊടിപടലവും മാറാലയും നിറഞ്ഞ വീട്ടില്‍ ഇഴജന്തുക്കള്ക്കൊപ്പം വൃത്തിഹീനമായ അന്തരീഷത്തില്‍ കഴിഞ്ഞ വൃദ്ധസഹോദരങ്ങള്ക്ക് സാമൂഹ്യ ഇടപെടലിലൂടെ പുതു ജീവിതം.കുമാരമംഗലം കുടകശേരിപ്പാറ പുത്തൂര്‍ സുരേന്ദ്രനെയും (77) സഹോദരന് സോമനാഥനെ (80)യുമാണ് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് യാഥാര്‍ഥ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നത്. വര്‍ഷങ്ങളായി നാട്ടുകാരുമായി ബന്ധംഇല്ലാതെ അടച്ചുപൂട്ടിയ വീട്ടിലായിരുന്നു ഇരുവരുടെയും താമസം. പുറത്തു നിന്നും എത്തുന്നവരെ ഇവര്‍ വീട്ടിലേക്കു കയറ്റാതിരുന്നതും ഈ വൃദ്ധസഹോദരങ്ങളുടെ ജീവിതം പുറം ലോകം അറിയാതിരിക്കാന്‍ ഇടയായി.
പൂച്ച, ആട്, കോഴി തുടങ്ങിയവയെയും ഇവര്‍ 15 സെന്റ് സ്ഥലത്ത് വളര്‍ത്തിയിരുന്നു. വീടിനുള്ളില്‍ മൂന്നു പൂച്ചകള്‍ ചത്തനിലയിലും ഉണ്ടായിരുന്നു. മുടിയും താടിയും ജടപിടിച്ച് ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെ അവശനിലയിലായിരുന്ന ഇവരെ മുടിയും താടിയും വെട്ടി നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പുതു ജീവിതത്തിലേക്കു നയിക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു.1959-ല്‍ എസ്എസ്എല്‍സി പാസായ സുരേന്ദ്രന് ജിയോളജി വകുപ്പില്‍ ഇന്ത്യയില്‍ ഉടനീളം ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ ഉപേക്ഷിച്ചു പോയ സുരേന്ദ്രനു ഒരു മകളുണ്ടെങ്കിലും ഇവരുമായി യാതൊരു ബന്ധവും ഇപ്പോള്‍ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു. സോമനാഥനാണ് ആടുകളെയും മറ്റും വളര്‍ത്തിയിരുന്നത്. അയല്‍വാസികളുമായി ഇയാള്‍ നല്ല ബന്ധത്തില്‍ അല്ലാതിരുന്നതിനാല്‍ ആരും ഇവരെ സഹായിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ എത്തിയിരുന്നില്ല. ഭക്ഷണവും വെള്ളവും ഇല്ലാതെ സുരേന്ദ്രന് അവശതയിലായിരുന്നു. ഇവരുടെ സ്ഥിതി പഞ്ചായത്ത് പഠിച്ചതിനെ തുടര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി ഇരുവരെയും മുതലക്കോടത്തുള്ള നഗരസഭ വൃദ്ധസദനത്തിലേക്കു മാറ്റാന്‍ തീരുമാനം എടുക്കുകയായിരുന്നു.
ഗാന്ധിജയന്തിയോടു അനുബന്ധിച്ച് സേവനവാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ കുടുംബശ്രീ പ്രവര്‍ത്തകരും വാര്‍ഡ് സാനിറ്റിഷന് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കിയത്.കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി, വാര്‍ഡ് മെംബര്‍ ബീമാ അനസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍മ്മല, ഗ്രാമ സേവകന് ജയരാജ്, ആശാ വര്‍ക്കര്‍ ലൈല കരീം, ഫെസിലിറ്റിറ്റേര് ഷിജിന, സി.ഡി.എസ്.മെംബര്‍ നസീറ എന്നിവര്‍ നേതൃത്വം നല്കി.