ഏജന്‍സി കൃത്യമായി ക്യാഷ് മെമ്മോ നല്‍കുന്നില്ല ; പുതിയ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി

ekm-cylenderചെറായി : ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടര്‍ ലഭിച്ച് ഒരാഴ്ചയായിട്ടും അടുത്ത റീഫില്ലിംഗിനു ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യാപക പരാതി. പള്ളത്താംകുളങ്ങരയിലുള്ള  ഏജന്‍സിയുടെ കീഴിലുള്ള ഉപയോക്താക്കളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണില്‍ ഐ വി ആര്‍ എസ് സിസ്റ്റം വഴി ബുക്ക് ചെയ്യാന്‍ വിളിക്കുമ്പോള്‍ താങ്കളുടെ ഏജന്‍സി ഇതുവരെ ക്യാഷ് മെമ്മോ സമര്‍പ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഉപയോക്താക്കള്‍ ഓരോ ഫോണ്‍വിളിയിലും രണ്ടു രൂപയോളം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

സിലിണ്ടര്‍ ബുക്ക് ചെയ്ത് 60 ദിവസം വരെ കഴിഞ്ഞാണ് ഇവിടെ നിന്നും സിലിണ്ടര്‍ ലഭിക്കുന്നത്. ഇത് തന്നെ കാലി സിലിണ്ടറായി ഏജന്‍സിയുടെ ഓഫീസില്‍ പോയി ഉപയോക്താവ് ക്യൂ നില്‍ക്കണം. മാത്രമല്ല നേരിട്ട് ഓഫീസിലെത്തിയാലും സിലിണ്ടര്‍ വീട്ടിലെത്തിച്ചു തരുന്ന കൂലിയും കൂട്ടിയാണ് ഏജന്‍സി ഒരു സിലിണ്ടറിന്റെ പണം ഈടാക്കുന്നതെന്നും പരാതിയുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്നും കൃത്യമായി ഉപയോക്താക്കള്‍ക്ക്  സിലിണ്ടര്‍ ലഭിക്കാതെ വലിയ പ്രശ്‌നമായതാണ്.

മാത്രമല്ല സിലിണ്ടര്‍ ബുക്ക് ചെയ്ത് രണ്ടു മാസമായിട്ടും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഒരു വയോധികന്‍ ഏജന്‍സിയുടെ ഓഫീസിനു മുന്നില്‍ ആത്മാഹൂതിക്ക് ശ്രമിച്ചതും വലിയ സംഭവമായിരുന്നു. തുടര്‍ന്ന് ഉപയോക്താക്കളുടെ സംഘടന ഇടപെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു പരാതി നല്‍കിയതോടെയാണ് ഏജന്‍സി അല്‍പ്പം കൂടി ഉത്തരവാദിത്ത്വം കാണിച്ചു തുടങ്ങിയത്.

Related posts