ഐഫോണുമായി പോയ ട്രക്ക് അടിച്ചുമാറ്റിയ “തിരുടന്‍’മാര്‍ പോലീസ് വലയില്‍; കള്ളന്‍മാര്‍ കൊണ്ടുപോയത് 900 എണ്ണം ഐഫോണ്‍ 5 എസ്

IPHONE ന്യൂഡല്‍ഹി: ഐഫോണുമായി പോയ ട്രക്ക് അടിച്ചുമാറ്റിയ രണ്ടു “തിരുടന്‍’മാരെ ഡല്‍ഹി പോലീസ് പൊക്കി. ഐഫോണ്‍ 5 എസ് 900 എണ്ണമാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. ഇതിന് വിപണിയില്‍ ഏകദേശം 2.25 കോടി രൂപ വിലവരും. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പുരിലായിരുന്നു സംഭവം. മഹിപാല്‍പുര്‍ സ്വദേശികളായ മെഹതാബ് അലന്‍ (24), അര്‍മാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മോഷ്ടിച്ച 900 ഫോണുകളും മോഷണത്തിനു ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികള്‍ മോഷണം നടത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ ഒക്ഹാലയില്‍നിന്നും തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാര്‍കയിലേക്ക് മൊബൈല്‍ പോകുകയായിരുന്ന ട്രക്കില്‍നിന്നാണ് ഫോണുകള്‍ കവര്‍ന്നത്. പ്രതികള്‍ ട്രക്ക് പിന്തുടര്‍ന്ന് ഡ്രൈവറെ ബന്ധിയാക്കിയ ശേഷമാണ് മോഷണം നടത്തിയത്. രജോക്‌രി മേല്‍പ്പാലത്തില്‍വച്ചാണ് പ്രതികള്‍ ഡ്രൈവറെ ബന്ധിയാക്കിയത്. പിന്നീട് ഇയാളെ ദ്വവാര്‍ക ലിങ്ക് റോഡില്‍ തള്ളിയ ശേഷം ഫോണുമായി കടന്നു.

അന്വേഷണത്തില്‍ ഫോണ്‍ കൊണ്ടുപോയ ട്രക്കിലെ മുന്‍ ഡ്രൈവര്‍മാരായ ഭോല, പ്രദീപ് എന്നിവര്‍ രണ്ട് ആഴ്ച മുന്‍പ് ജോലി ഉപേക്ഷിച്ചുപോയിരുന്നു. സംഭവം നടന്ന ദിവസം ഇവര്‍ ട്രക്ക് കടന്നുപോയ വഴിയിലൂടെ സഞ്ചരിച്ചതായും കണ്‌ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് രണ്ടു തിരുടന്‍മാര്‍ പോലീസിന്റെ വലയിലാകാന്‍ കാരണമായത്. ഭോല, രാഹുല്‍, ജിതേന്ദ്രര്‍ എന്നിവരും മോഷണത്തില്‍ പങ്കാളികളാണെന്ന് പ്രതികള്‍ പോലീസിനു മൊഴിനല്‍കി.

Related posts