ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ചാവേറാക്രമണെന്ന് സൂചന. പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഭീകരൻ ഉമർ മുഹമ്മദെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ഇയാൾ ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. ഇയാൾക്കു പാക്കിസ്ഥാൻ ആസ്ഥാനമായ ജെയ്ഷ ഇ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന ഐ20 കാറിൽ കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണെന്ന് സൂചനകളുണ്ട്.
കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് കാറുമായി പോകുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമര് മുഹമ്മദ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഡിഎൻഎ പരിശോധനനടത്തും
കാറിൽ കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഫരീദാബാദ് സംഘത്തിലെ ഒളിവിൽ കഴിയുന്ന ഡോ. ഉമർ മുഹമ്മദ് സ്ഫോടന സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. സ്ഫോടനത്തിനായി ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാർ ഡൽഹിക്ക് സമീപമുള്ള ഫരീദാബാദിലെ സെക്ടർ 37-ൽ പ്രവർത്തിക്കുന്ന റോയൽ കാർ സോൺ വാഹനവിൽപ്പനകേന്ദ്രത്തിൽനിന്നു വാങ്ങിയതാണ്.
യുഎപിഎ ചുമത്തി കേസ്
സ്ഫോടനത്തിൽ യുഎപിഎ ചുമത്തി കേസെടുത്ത് പോലീസ്. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഒന്പതു പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) സെക്ഷൻ 16, 18 എന്നിവ ചുമത്തി ഡൽഹി പോലീസ് ചെങ്കോട്ട സ്ഫോടന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 3, 4 എന്നിവയും കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ഉമർ മുഹമ്മദിന്റെ ചിത്രംപുറത്ത്, ലക്ഷ്യം മധ്യ ഡൽഹി?
ചാവേറെന്നു സംശയിക്കുന്ന ഉമർ മുഹമ്മദിന്റെ പുതിയ ചിത്രം പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽനിന്നു എടുത്ത ചിത്രം. സ്ഫോടനത്തിനു മുമ്പുള്ളതാണ്. മാസ്ക് ധരിച്ച വ്യക്തിയെ ചിത്രത്തിൽ കാണാം. കാർ ചെങ്കോട്ടയിൽ നിന്ന് നഗരമധ്യത്തിലേക്ക് നീങ്ങുന്നത് കണ്ടതിനാൽ, ലക്ഷ്യം മധ്യ ഡൽഹി ആയിരിക്കാമെന്ന് സ്രോതസുകൾ സൂചിപ്പിക്കുന്നു. ചാന്ദ്നി ചൗക്ക് മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ചെങ്കോട്ട നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ്.
ഭീകരാക്രമണത്തിൽ വലിയ അളവിൽ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസും രഹസ്യാന്വേഷണ ഏജൻസികളും പറയുന്നു. റെയ്ഡുകളിൽനിന്ന് കണ്ടെടുത്ത പദാർഥം അമോണിയം നൈട്രേറ്റ് ആണെന്ന് സംശയിക്കുന്നു. രാസവളങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തു ബോംബ് നിർമാണത്തിനും ഉപയോഗിക്കാം.
കാർ ഉടമയ്ക്ക് ഫരീദാബാദ് ഭീകരശൃംഖലയുമായി ബന്ധം
സ്ഫോടനം നടന്ന കാർ തെക്കൻ കശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇന്നു പുലർച്ചെ ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഡൽഹി സ്ഫോടനവും ജമ്മു കാഷ്മീർ, ഹരിയാന പോലീസ് സംഘങ്ങൾ തകർത്ത “വൈറ്റ് കോളർ’ ഭീകര മൊഡ്യൂളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണിത്.
ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു വീടുകളിൽനിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സ്ഫോടനം നടന്നത്. രണ്ട് വീടുകളും ഡോ. മുജമ്മിൽ ഷക്കീൽ വാടകയ്ക്കെടുത്തതായിരുന്നു.
വൈറ്റ് കോളർ ടെറർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീർ (ശ്രീനഗർ, അനന്ത്നാഗ്, ഗണ്ടർബാൽ, ഷോപ്പിയാൻ), ഫരീദാബാദ് എന്നിവിടങ്ങളിൽ പോലീസും രഹസ്യാന്വേഷണ ഏജൻസികളും നടത്തിയ റെയ്ഡുകളിൽ തീവ്രവാദികളായ പ്രൊഫഷണലുകൾ ഉൾപ്പെട്ട “വൈറ്റ് കോളർ’ ഭീകരസംഘത്തെ കണ്ടെത്തി. ഭീകര സംഘടനയുടെ ഭാഗമായ പ്രൊഫഷണലുകൾ പാക്കിസ്ഥാന്റെ ഹാൻഡ്ലർമാരായി മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
നടുങ്ങി ലോകരാജ്യങ്ങൾ
ഡൽഹി സ്ഫോടനത്തിൽ ലോകരാജ്യങ്ങൾ ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചു. നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന അവരുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശങ്ങൾ നൽകുകയും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.”ഡൽഹിയിലെ സ്ഫോടനത്തിൽ ദുരിതമനുഭവിക്കുന്നവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയങ്ങൾ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് യുഎസ് അനുശോചനം അറിയിക്കുന്നു.’ ഇന്ത്യയിലെ യുഎസ് എംബസി എക്സിൽ കുറിച്ചു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ സ്ഫോടനത്തിൽ നടക്കം രേഖപ്പെടുത്തി. ഇരകൾക്കൊപ്പമാണ് യുകെ എന്നും കാമറൂൺ പറഞ്ഞു.അർജന്റീന, ഫ്രാൻസ്, ശ്രീലങ്ക, മൊറോക്കോ, ഓസ്ട്രേലിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും ഇരകളുടെ കുടുംബത്തിന്റെ ദുഃത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ജമ്മുവിൽകനത്ത സുരക്ഷ
സ്ഫോടനത്തെത്തുടർന്ന് മാതാ വൈഷ്ണോദേവി ക്ഷേത്രം, ബേസ് ക്യാമ്പ് കത്ര, ജമ്മു സിറ്റി എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.
ജമ്മു നഗരത്തിലും പരിസരത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ ട്രാക്കുകളിലും ജമ്മു-ശ്രീനഗർ ദേശീയ പാതയിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

