കൊട്ടാരക്കര: ഈ നിയമസഭാ തിരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിളളയെ സംബന്ധിച്ചിടത്തോളം വിധി നിര്‍ണായകമാണ്. ബാലകൃഷ്ണപിളളക്ക് ഐഷാപോറ്റിയുടെ വിജയം ഉറപ്പു വരുത്തുക മാത്രമല്ല ഭൂരിപക്ഷം വര്‍ധിപ്പിച്ചുകാട്ടി കരുത്തു തെളിയിക്കുകയും വേണം. എങ്കില്‍ മാത്രമെ തന്റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കാനും ഇടതു മുന്നണി പ്രവേശനം ഉറപ്പു വരുത്താനും സാധിക്കുകയുളളു.
കൊട്ടാരക്കരയില്‍ അജയ്യനായിരുന്ന ആര്. ബാലകൃഷ്ണപിളള 2006ലെ തിരഞ്ഞെടുപ്പിലാണ് ഐഷാപോറ്റിയോടു പരാജയപ്പെടുന്നത്.12087 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കന്നിയങ്കത്തില്‍ ഐഷാപോറ്റി വിജയക്കൊടി പാറിച്ചത്. ബാലകൃഷ്ണപിളളയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു ഈ പരാജയം. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തന്നെ കാലുവാരിയതായി പിളള അന്നേ പ്രതികരിച്ചിരുന്നു. തന്റെ തട്ടകത്തില്‍ കൊടിക്കുന്നില്‍ കരുത്തനായി മാറുന്നത് ബാലകൃഷ്ണപിളളക്ക് ഉള്‍ക്കൊളളാന്‍ കഴിയുമായിരുന്നില്ല. ഇതില്‍ നിന്നു തുടങ്ങിയ അമര്‍ഷമാണ് അവസാനം മുന്നണി വിടുന്നതില്‍ പോലും പിളളക്ക് പ്രേരകമായത്.
തുടര്‍ന്ന് 2011ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഐഷാപോറ്റി ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ട് വിജയം ആവര്‍ത്തിച്ചു. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലില്‍ കഴിഞ്ഞ പിളള തന്റെ പകരക്കാരനായി മല്‍സരിപ്പിച്ച ഡോ.എന്‍.എന്‍. മുരളിയെ 20,592 വോട്ടുകള്‍ക്കാണ് ഐഷാപോറ്റി പരാജയപ്പെടുത്തിയത്. ഇതും ബാലകൃഷ്ണപിളളയെ ഞെട്ടിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് ബി ഒരു കാലത്ത് കൊട്ടാരക്കരയിലെ ശക്തമായ പാര്‍ട്ടിയായിരുന്നു.
സിപിഎമ്മിനോടു കിടപിടിക്കുന്ന സംഘടനാ ശേഷിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ബാലകൃഷ്ണപിളളയുടെ പരാജയത്തോടെയും കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയും ആ പ്രതാപം ക്രമേണ കുറയുകയായിരുന്നു. ശക്തമായ മണ്ഡലം കമ്മിറ്റികളും വാര്‍ഡു കമ്മിറ്റികളും ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ പലയിടത്തും കമ്മിറ്റികള്‍ തന്നെയില്ല. ഉളളവയാകട്ടെ പേരിനു മാത്രവും .
ബാലകൃഷ്ണപിളള യുഡിഎഫ് മുന്നണിവിട്ട് എല്‍ ഡി എഫി നോടടുത്തപ്പോള്‍ പ്രമുഖരുള്‍പ്പടെ ഒട്ടേറെ പേര് പാര്‍ട്ടിവിട്ടു പോയിരുന്നു. യുഡിഎഫില്‍ തന്നെ നില നില്‍ക്കാനാണ് അവര്‍ തീരുമാനമെടുത്തത്. ഭൂരിപക്ഷം പേരും കോണ്‍ഗ്രസില്‍ ചേക്കേറുകയായിരുന്നു. ഏറ്റവുമൊടുവില്‍ പാര്‍ട്ടിവിട്ടത് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശരണ്യാമനോജാണ്.
യു ഡി എഫ് വിട്ട പിളളയെയും പാര്‍ട്ടിയെയും ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കുക മാത്രമാണ് എല്‍ ഡി എഫ് ചെയ്തു വരുന്നത്. ബാലകൃഷ്ണപിളളയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുകയില്ലെന്ന് ഈ തിരഞ്ഞെടുപ്പു വേളയിലും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പ്രഖ്യാപിക്കുകയുമുണ്ടായി . ഇതോടെ ഇല്ലത്തു നിന്നിറങ്ങി അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന നിലയിലാണ് ബാലകൃഷ്ണപിളളയും പാര്‍ട്ടിയും. ഇടതു മുന്നണിയുടെ നിലപാടില്‍ അയവു വരണമെങ്കില്‍ കൊട്ടാരക്കരയില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചും കൊല്ലം ജില്ലയില്‍ മുന്നണി വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചും പിളള കരുത്തു തെളിയിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ജില്ലയില്‍ ഇക്കുറി ഒന്നരലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവ് ഇടതുമുന്നണിക്കുണ്ടാകുമെന്ന് പിളള പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് ബിയുടെ നേതാക്കള്‍ കൊട്ടാരക്കരയില്‍ സജീവമായി രംഗത്തുണ്ടെങ്കിലും അണികള്‍ എല്‍ ഡി എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്ണസഹകരണമില്ല.സിപിഎംകേന്ദ്രങ്ങള് തന്നെ ഇതു വിമര്‍ശനത്തോടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാലകൃഷ്ണപിളളയുമായുളള ബാന്ധവം പഴയകാല കമ്യൂണിസ്റ്റുകാര്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല എന്നതും വസ്തുതയാണ്. ഇത് മുന്നണിക്കു ഗുണമാണോ ദോഷമാണോ ഉണ്ടാവുക എന്നത് തിരഞ്ഞെടുപ്പിനു ശേഷമേ വ്യക്തമാവുകയുളളു.
ഐഷാപോറ്റിയുടെ ഭൂരിപക്ഷം ഇക്കുറി വര്‍ധിച്ചില്ലെങ്കില്‍ ബാലകൃഷ്ണപിളളയുടെ പാര്‍ട്ടിക്ക് ഇവിടെ വോട്ടില്ലെന്നോ അദ്ദേഹത്തിന്റെ ആഹ്വാനം അണികള്‍ തളളിക്കളഞ്ഞെന്നോ വ്യാഖ്യാനിക്കപ്പെടും. ഇത് ഇടതുമുന്നണി പ്രവേശനത്തിനു തടസം സൃഷ്ടിക്കുകയും ചെയ്യും.ആയതിനാലാണ് ഐഷാപോറ്റിയെക്കാളുപരി ഈ തിരഞ്ഞെടുപ്പ് ബാലകൃഷ്ണപിളളക്ക് നിര്‍ണായകമാകുന്നത്.