ഒരാളുടെ മനസുവായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മോഹിക്കാത്തവര്‍ ആരുണ്ട് ; മറ്റൊരാളുടെ മനസുവായിക്കുന്ന നിപിന്‍ നിരവത്തിനെ പരിചയപ്പെടാം

NIVINജെവിന്‍ കോട്ടൂര്‍

മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകള്‍ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക് പലരും ആദ്യമായി കേള്‍ക്കുന്നത്.  എന്താണ് മെന്റലിസ്റ്റ്, ആരാണ് മെന്റലിസ്റ്റ്. 10 വര്‍ഷമായി മെന്റലിസ്റ്റായി പ്രവര്‍ത്തിക്കുകയും നിരവധി ടിവി, സ്‌റ്റേജ് ഷോകളിലുടെ സാധാരണക്കാരന് അത്ഭുതവും ആകാംക്ഷയും സമ്മാനിക്കുന്ന നിപിന്‍ നിരവത്ത് എന്ന മെന്റലിസ്റ്റിനെ പരിചയപ്പെടാം. മലയാളികള്‍ മെന്റലിസ്റ്റ് എന്ന പദം കേള്‍ക്കുന്നതിനു മുമ്പു തന്നെ നിപിന്‍ മെന്റലിസ്റ്റാകാന്‍ തയാറെടുക്കുകയായിരുന്നു. നിപിനു ഗുരുക്കന്‍മാരില്ല, സ്വയം കണ്ടെത്തിയ വഴിയിലുടെ സഞ്ചരിച്ചാണു മെന്റലിസ്റ്റും മജീഷ്യനുമൊക്കയായി മാറിയത്. ദീര്‍ഘനാളത്തെ പ്രാക്ടീസിലുടെയും പരിശ്രമത്തിലുടെയുമാണു നിപിന്‍ ടിവി ചാനല്‍ ഷോകളിലുടെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത മൈന്‍ഡ്് റീഡറും മെന്റലിസ്റ്റായും മാറിയത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുക എന്ന ലക്ഷ്യമാണു നിപിനെ ഹിപ്‌നോട്ടിസത്തിന്റെ ലോകത്ത് എത്തിച്ചത്.

പ്രേതങ്ങളുമായുള്ള സംവാദം

ഒരാളുടെ മനസുവായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മോഹിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. മറ്റുള്ളവരുടെ മനസുവായിച്ചാണു നിപിന്‍ നിരവത്ത് എന്ന യുവാവ് ശ്രദ്ധനേടുന്നത്. മറ്റുള്ളവര്‍ മനസില്‍ സൂക്ഷിച്ചിരിക്കുന്ന ചില രഹസ്യങ്ങള്‍ നിപിന്‍ അവര്‍ അറിയാതെ മനസിലാക്കിയെടുത്തു പറയുമ്പോള്‍ അത് ഏവരെയും ത്രില്ലടിപ്പിക്കും. മൈന്‍ഡ് റീഡര്‍, മെന്റലിസ്റ്റ് എന്നീ നിലകളില്‍ സ്റ്റേജ് ഷോകളിലുടെയും വിവിധ ചാനല്‍ ഷോകളിലുടെയുമാണ് നിപിന്‍ ഏവരുടെയും മനസില്‍ ഇടംപിടിച്ചത്. പ്രേക്ഷകരുടെ മനസിലുള്ള അക്കങ്ങളും പേരുകളും വായിച്ചെടുക്കുക, കളികൂട്ടുകാരന്റെ പേരുകള്‍ വെളിപ്പെടുത്തുക, കലയുടെ രൂപത്തില്‍ പ്രേതങ്ങളുമായുള്ള സംവാദം  തുടങ്ങിയവ സ്റ്റേജില്‍ അവതരിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ മലയാളിക്കു പരിചയപ്പെടുത്തുകയാണ് കോട്ടയം മു

ണ്ടക്കയം ഏന്തയാര്‍ സ്വദേശി നിപിന്‍.
സൈക്കോളജി, ന്യൂറോ ലിംഗ്വിസ്റ്റിക്‌സ് പ്രോഗ്രാം, ഹിപ്‌നോസിസ്, ബോഡി ലാംഗ്വേജ്, മൈക്രോ എക്‌സ്പ്രഷന്‍, മാജിക് ഇവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണു മെന്റലിസത്തിന്റെ അവതരണം. മറ്റൊരാളുടെ മനസിലേക്ക് അയാളുടെ അനുവാദത്തോടെ, എന്നാല്‍ അദ്ദേഹം അറിയാതെ ഒരു വിവരം പാസ് ചെയ്യുന്നു. അദേഹത്തിന്റെ സംസാരങ്ങള്‍ക്കിടയില്‍ ചുണ്ടുകളുടെയും കണ്ണുകളുടെയും ചലനം, ബോഡി ലാംഗ്വേജ് എന്നിവയിലൂടെ വിവരം മനസിലാക്കി പറയുന്നു. ഇതാണു മെന്റലിസത്തിന്റെ ചുരുക്കം.

അദ്ഭുതങ്ങളുടെ ലോകത്തേക്ക്

കുട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ നിപിനെ പിതാവ് എന്‍. .ടി. ജോസഫ് നാട്ടില്‍ നടന്ന ഒരു മാജിക് ഷോ കാണിക്കുവാന്‍ കൊണ്ടുപോയി. പൂക്കള്‍ പഴങ്ങളാകുന്നതും, പെട്ടി തുറന്നപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടി പുറത്തുവരുന്നതുമായ ഇന്ദ്രജാലങ്ങള്‍ നിപിനെ മായാലോകത്തെത്തിച്ചു. മാജിക് കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മുതല്‍ നിപിന്‍ മാജിക്കിന്റെ കാണാപ്പുറം തേടിയുള്ള സഞ്ചാരം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജി ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയപ്പോഴും മൈന്‍ഡ് റീഡറാകുക എന്നതായിരുന്നു നിപിന്റെ സ്വപ്‌നം.  തുടര്‍ന്നു കൊച്ചി ഡോണ്‍ ബോസ്‌കോ കോളജില്‍ നിന്നും ഗ്രാഫിക് ആര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ സമ്പാദിച്ചു. സൈക്കോളജി,  ന്യൂറോ ലിഗ്വിസ്റ്റിക്‌സ് പ്രോഗ്രാം, ഹിപ്‌നോട്ടിസം, മൈക്രോ എക്‌സ്പ്രഷന്‍ തുടങ്ങിയവയില്‍ ഇപ്പോഴും റിസര്‍ച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്.
വേറിട്ട അവതരണവുമായി ഇന്റുഷ്യന്‍സ്

നിപിന്റെ മെന്റലിസം ഷോയുടെ പേരാണ് ഇന്റുഷ്യന്‍സ്. മാന്ത്രിക കലയില്‍ വേറിട്ടൊരു അവതരണ രീതിയും കലാമികവും ആധുനിക മനശാസ്ത്രം, ബോഡിലാംഗ്വേജ്, ഹിപ്‌നോസിസ് തുടങ്ങിയവയുടെ സഹായത്താല്‍ അവതരിപ്പിക്കുന്ന മെന്റലിസം ഷോയാണ് ഇന്റൂഷ്യന്‍സ്. മൈന്‍ഡ് റീഡിംഗുമായി ബന്ധപ്പെട്ടു സാധാരണക്കാര്‍ക്കു പുതുമ നല്കുന്നതിനായി 45 മിനിറ്റ് ദൈര്‍ഘ്യത്തിലുള്ള ഷോയാണിത്. കോര്‍പറേറ്റ് കമ്പനികളിലും ഫാമിലി കൂട്ടായ്മകളിലുമാണ് ഇന്റുഷ്യന്‍സ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് അവരെ ത്രില്ലടിപ്പുക്കുന്നതും സന്തോഷിപ്പിക്കുന്നതും കൈയടിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണു ഇന്റുഷ്യന്‍സ് സദസില്‍ അവതരിപ്പിക്കുന്നത്. ആളുകളുടെ കൂട്ടായ്മയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നു. അയാളുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ ചോദിക്കുന്നു. ഈ സമയത്ത് അയാളുടെ ചുണ്ടിലും ശരീരത്തുമുണ്ടാകുന്ന ചലനങ്ങള്‍ മനസിലാക്കി കുട്ടിക്കാലത്തെ കൂട്ടുകാരന്റെ പേരാണ് ആദ്യം പറയുന്നത്. തുടര്‍ന്ന് അയാളുടെ മനസ് നിപിന്‍ വായിച്ചെടുക്കും. മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ മൈന്‍ഡ് റീഡിംഗിലുടെ പുറത്തെത്തിക്കുന്നതാണു ഇന്റുഷ്യന്‍സ് എന്ന ഷോയുടെ പ്രത്യേകത.

ജനശ്രദ്ധ നേടി ഷോകള്‍

പ്രഗല്‍ഭരുടെ മനസ് വായിക്കുന്ന വിദ്യയിലൂടെ ഇതിനോടകം ഇന്ത്യയ്ക്കത്തും പുറത്തും നിരവധി ഷോകള്‍ നിപിന്‍ ചെയ്തുകഴിഞ്ഞു. അത്ഭുതകലകളുടെ പുതുമകളും കാലത്തിനനുസരിച്ച് കലയില്‍ വരുത്തിയ മാറ്റങ്ങളുമാണ് നിപിന്‍ നിരവത്തിന്റെ ഷോകളെ വേറിട്ടതാക്കുന്നത്. 1992 ല്‍ സ്കൂള്‍ സാഹിത്യ സമാജത്തില്‍ അവതരിപ്പിച്ച ചെറിയ മാജിക്കില്‍ തുടങ്ങി 1999 ലെ ദി ഗ്രേറ്റ് ഫയര്‍ എസ്‌കേപ്പ് ആക്ട്, അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരെ  ബോധവത്കരണം നടത്താനായി തെരുവ് മാജിക്,  ശാന്തിമന്ത്ര എന്ന പേരില്‍ മാന്ത്രിക യാത്ര തുടങ്ങി നിരവധി ഷോകളാണ് ഇതുവരെ അവതരിപ്പിച്ചത്. പി. സി. ജോര്‍ജ് എംഎല്‍എയുടെ മനസുവായിച്ച് പെട്ടിയില്‍ അടക്കം ചെയ്തത് 2013ലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമായിരുന്നു.

2016 മേയ് 12ന് വോട്ട് എന്റെ അവകാശം എന്ന ആശയം പ്രചരിപ്പിക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അവതരിപ്പിച്ച ഷോയും ജനശ്രദ്ധ നേടിയ ഒന്നാണ്. അന്നത്തെ എറണാകുളം ജില്ലാ കളക്ടറായിരുന്ന എം.ജി. രാജമാണിക്യം മനസില്‍ വിചാരിച്ച ഒരു ചിത്രം സദസില്‍ വച്ചു കണ്ണുകളില്‍ നോക്കി വരച്ചതും സദസില്‍ നിന്നും കളക്ടര്‍ വിളിച്ച ഒരാളെ ഹിപ്‌നോട്ടിസത്തിന്റെ സഹായത്തില്‍ ഉറക്കി എന്ത് ചോദ്യത്തിനും എന്റെ വോട്ട് എന്റെ അവകാശം എന്ന വാക്ക് മാത്രം ഹിപ്‌നോട്ടിസത്തിനു വിധേയനായ വ്യക്തി പറഞ്ഞതും നിപിനു ഏറെ കൈയടി നേടിക്കൊടുത്ത പ്രകടനങ്ങളാണ്.

അമ്മയുടെ പ്രോത്സാഹനം

മെന്റലിസവും മൈന്‍ഡ് റീഡിംഗും മാജിക്കുമെല്ലാം കലയാണെന്നാണു നിപിന്റെ അഭിപ്രായം. തന്നില്‍ ഇവയോടുള്ള താല്പര്യം വര്‍ധിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതുമെല്ലാം മാതാവ് ലിസിയമ്മയാണ്. തന്റെ ഓരോ പരീക്ഷണങ്ങളും വിജയിക്കുമ്പോള്‍ നിപിന്‍ ആദ്യം പറഞ്ഞിരുന്നതും ലിസിയമ്മയോടാണ്. പുതിയതായി ഏതെങ്കിലും ഒന്നു ചെയ്യാന്‍ തീരുമാനിച്ചാല്‍ അതില്‍ നിപിന്‍ വിജയിക്കും വരെ ലിസിയമ്മ മികച്ച പ്രോത്സാഹനമാണു നല്കിയിരുന്നത്. അസുഖ ബാധിതയായിരുന്ന ലിസിയമ്മ ഒരു വര്‍ഷം മുമ്പു നിപിനെയും കുടുംബത്തെയും വിട്ടുപിരിഞ്ഞു ലോകത്തോടു വിടപറഞ്ഞെങ്കിലും അമ്മയുടെ ഓര്‍മകള്‍ക്കു മുമ്പിലാണ് നിപിന്റെ ഓരോ പുതിയ ചുവടുവയ്പും.

ഇനി ഷോ ജപ്പാനില്‍!

മൈന്‍ഡ് റീഡിംഗുമായി ബന്ധപ്പെട്ടു നവംബറില്‍ ജപ്പാനില്‍ നടക്കുന്ന ടിവി ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനായിട്ടുള്ള തയാറെടുപ്പിലാണു നിപിന്‍. ജപ്പാനിലെ ടോക്യോയിലാണു ഷോ സംഘടിപ്പിക്കുന്നത്. അവിടെയുള്ളവര്‍ക്കു ജാപ്പനീസ് ഭാഷ മാത്രമേ മനസിലാകുകയുള്ളു. എന്നാല്‍ ജാപ്പനീസ് ഭാഷ അറിയില്ലാത്തതിനാല്‍ നിപിന്‍ ഇംഗ്ലീഷ് ഭാഷയിലാണു ഷോ അവതരിപ്പിക്കുന്നത്. ട്രാന്‍സിലേറ്ററുടെ സഹായത്തോടെയാണു ഷോ ജപ്പാന്‍കാര്‍ക്കു മനസിലാക്കി ക്കൊടുക്കുന്നത്.  കഴിഞ്ഞ മാസം ഫോമ മിയാമി കണ്‍വന്‍ഷന്‍ നഗരിയില്‍ ഇന്റുഷ്യന്‍സ് എന്ന ഷോയുമായെത്തി ഏവരുടെയും കൈയടിയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്കയുടെ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നിപിനു ലഭിച്ചിട്ടുണ്ട്. പുരസ്കാരങ്ങളെക്കാള്‍ ഏറെ സംതൃപ്തി നല്കുന്നതു ടിവി ഷോകളിലും വിവിധ സ്‌റ്റേജ് ഷോകളിലും നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണെന്നു നിപിന്‍ പറയുന്നു.  നേരിട്ടും ഫോണിലും സോഷ്യല്‍ മീഡിയകള്‍ വഴിയും നല്കുന്ന അഭിനന്ദനങ്ങളാണ് തന്റെ ശക്തിയെന്നും നിപിന്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാര്‍ നിരവത്ത് എന്‍. .ടി. ജോസിന്റെയും പരേതയായ ലിസിയമ്മയുടെയും മകനാണ് നിപിന്‍. ഭാര്യ അനു എലിസബത്ത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കൊച്ചി ഇടപ്പള്ളിയിലാണു താമസം.

www.nipinniravath.com ഫോണ്‍: 9995560116

Related posts