ഒഴിവുദിവസത്തെ കളിക്ക് കൂടെ കൂടുന്നോ…

Sanal1ഗിരീഷ് പരുത്തിമഠം

2016 ജൂണ്‍ 17 വെള്ളിയാഴ്ച. കേരളത്തിലെ ചില പുതുപുത്തന്‍ കൊട്ടകകളില്‍ ഒഴിവുദിവസത്തെ കളി, കളിച്ചു തുടങ്ങുന്നത് അന്നാണ്. പെരുമഴയായാലും പൊരിവെയിലായാലും ഈ ചിത്രം കാണാന്‍ അനേകായിരങ്ങള്‍ കച്ച കെട്ടി കാത്തിരിക്കുന്നു.  ഒരുപക്ഷെ, മലയാളത്തിലെ ഒരു അവാര്‍ഡ് ചിത്രം തിയറ്ററിലെത്തുന്നതിനായി കണ്ണിലെണ്ണയൊഴിച്ച് പ്രേക്ഷകര്‍ കഴിയുന്നത് ആദ്യമായിരിക്കാം. എന്തായാലും, ഒഴിവുദിവസത്തെ കളി പേരു സൂചിപ്പിക്കുന്നതു പോലെ കേവലമൊരു കളിയല്ലെന്നും കളിയില്‍ കാര്യത്തിന്റെ അംശമുണ്ടെന്നും കളി കണ്ട് ഞെട്ടാന്‍ ഇട വന്നേക്കാമെന്നും ഒരു മുന്നറിയിപ്പു നല്‍കുന്നു… ജാഗ്രത.

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രാഷ്ട്ര ദീപികയോട്…  

ഉണ്ണി. ആര്‍ എന്ന എഴുത്തുകാരന്റെ ചെറുകഥയായ ഒഴിവുദിവസത്തെ കളി സനല്‍കുമാര്‍ ശശിധരന്‍ എന്ന വായനക്കാരന്‍ ഹൃദയത്തോടു ചേര്‍ത്തത് 2006 -ലോ 2007 -ലോ ആണ്. സിനിമ രക്തത്തിലും വിയര്‍പ്പിലും ശ്വാസത്തിലും പേറുന്ന സനല്‍കുമാര്‍ ശശിധരന്‍ അന്നേ തീരുമാനിച്ചു- എന്നെങ്കിലുമൊരിക്കല്‍ ഒഴിവുദിവസത്തെ കളി സെല്ലുലോയിഡില്‍… ഇക്കഴിഞ്ഞ വര്‍ഷം ആ മോഹം പൂവണിഞ്ഞു. സിനിമയില്‍ തീര്‍ത്തും നവാഗതരായ അഞ്ചു പേരുമായി സനല്‍കുമാര്‍ ശശിധരന്‍ പേപ്പാറയ്ക്കു സമീപം ലൊക്കേഷന്‍ സെറ്റ് ചെയ്തു. വന്‍നിര താരങ്ങളോ നിയതമായ തിരക്കഥയോ ഇല്ല. പക്ഷെ, ഓരോ ഷോട്ടിനെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടായിരുന്നു. രണ്ടാഴ്ചയേ വേണ്ടിവന്നുള്ളൂ, ആകെ. ചിത്രീകരണം പൂര്‍ത്തിയാക്കി തിരികെ കാടിറങ്ങുമ്പോള്‍ സംവിധായകനില്‍, സഹപ്രവര്‍ത്തകരില്‍ എല്ലാം ആത്മവിശ്വാസം ഭൂമിയായി, ജലമായി, അഗ്നിയായി, വായുവായി, ആകാശമായി നിറഞ്ഞു…

ഒഴിവുദിവസത്തെ കളിയും ഉപതെരഞ്ഞെടുപ്പും പിന്നെ ടെലിവിഷനും  

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശമാണ് ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിന്റെ തുടക്കത്തില്‍. തെരഞ്ഞെടുപ്പ് ദിവസം വനത്തിനുള്ളിലെ ഒരു സങ്കേതത്തില്‍ മദ്യവും ആഹാരവുമായി  അര്‍മ്മാദിക്കാന്‍ അരയും തലയും മുറുക്കിയെത്തുന്ന അഞ്ചു സുഹൃത്തുക്കളാണ് ധര്‍മനും തിരുമേനിയും വിനയനും അശോകനും ദാസനും.  ലഹരി മൂക്കുമ്പോഴുള്ള സംഭാഷണത്തില്‍ ലൈംഗികതയും ജനാധിപത്യവുമൊക്കെ കടന്നുവരുന്നു. ഇതിനിടയില്‍ ടെലിവിഷനും ഒരു താരമാവുകയാണ്. വളരെ നിര്‍ണായകമായ സ്ഥാനമാണ് ഈ പഴയ വിഡ്ഢിപ്പെട്ടിക്ക്…  പാചകക്കാരിയെ വശത്താക്കാന്‍ ആദ്യം വിനയന്റെയും പിന്നെ അശോകന്റെയും ഒടുവില്‍  ധര്‍മന്റെയും പരിശ്രമം…  അഭിനേതാക്കളുടെ സ്വാഭാവികമായ അവതരണം തന്നെയാണു ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. നിസ്താര്‍ അഹമ്മദ് സേട്ട്, ഗിരീഷ് നായര്‍, ബൈജു നെറ്റോ, പ്രദീപ്കുമാര്‍, അരുണ്‍ നാരായണ്‍, അഭിജ ശിവകല, റെജുപിള്ള എന്നിവരാണ് മുഖ്യഅഭിനേതാക്കള്‍.
Sanal2
ഒഴിവുദിവസത്തെ കളി മലയാളി പ്രേക്ഷകനായി…

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ക്കോ അവാര്‍ഡ് കമ്മിറ്റിക്കോ വേണ്ടി തയാറാക്കിയതല്ല ഒഴിവുദിവസത്തെ കളി. മലയാളി പ്രേക്ഷകര്‍ക്കായി ചിത്രീകരിച്ചതാണ്. ഈ ചിത്രം മലയാളി ആസ്വദിക്കുന്നതു പോലെ മറ്റ് ഏതെങ്കിലും ഭാഷയിലുള്ളവര്‍ക്ക്  ഉള്‍ക്കൊള്ളാനാവുമോ എന്നറിയില്ല. പല സംഭാഷണങ്ങളും തര്‍ജമയ്‌ക്കോ സബ് ടൈറ്റിലിനോ പോലും പറ്റില്ല എന്ന സ്ഥിതി. ക്രോസ് ടോക്കിംഗാണ് മറ്റൊരു പ്രത്യേകത. ഒരേ സമയം രണ്ടു പേര്‍ സംസാരിക്കുന്നത് നേരത്തെ സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ടാകാം. പക്ഷെ, ഒഴിവുദിവസത്തെ കളിയില്‍ അഞ്ചു പേരാണ് ഒരു സമയം സംസാരിക്കുന്നത്.

ഒരു ദിവസത്തെ കഥയും തൊട്ടുമുമ്പേയുള്ള ദിവസത്തിന്റെ സൂചനയുമാണ് ചിത്രത്തില്‍. പരന്ന്, പരന്ന് കൃത്യമായ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ചിത്രത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സിനിമാറ്റിക് എക്‌സ്പീരിയന്‍സ് പ്രേക്ഷകനെ അമ്പരപ്പിക്കും. ഇതൊരു വ്യത്യസ്തമായ സിനിമയാണെന്നത് അവകാശവാദമല്ല, സത്യസന്ധമായ വാഗ്ദാനമാണ്.

ഒഴിവുദിവസത്തെ കളി- ഫണ്‍ മൂവി

ഐഎഫ്എഫ്‌കെ യിലും മറ്റും സിനിമ കണ്ട പലരും ഒഴിവുദിവസത്തെ കളി രാഷ്ട്രീയ, സാമൂഹ്യ ചിത്രമാണെന്നൊക്കെ അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഫണ്‍ മൂവിയാണ്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ രസകരമായി ആസ്വദിക്കാനുള്ള ഒരു ചിത്രം. എഴുപതോളം ഷോട്ടുകള്‍. ആദ്യഭാഗത്ത് ഒളിക്കാമറ ഉപയോഗിച്ച് ചിത്രീകരിച്ചതുപോലെയാണ് ദൃശ്യങ്ങള്‍. ഇടവേളയ്ക്കു ശേഷം മുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കഥ പറച്ചില്‍ രീതിയാണ് ഈ സിനിമയുടേത്.
വളരെ ബോധപൂര്‍വം ഈ രീതി സ്വീകരിച്ചതാണ്. ഓരോ പ്രേക്ഷകര്‍ക്കും സ്വന്തം നിലപാടുകളുണ്ടാകും. സ്വാഭാവികമായും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും.   പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടി ഉറങ്ങുമ്പോള്‍ തലയണയ്ക്കടിയില്‍ വെട്ടുകത്തി വച്ചിരുന്നു എന്ന് നാം കേട്ടു. ചിത്രത്തില്‍ ഗീത എന്ന കഥാപാത്രം പ്രതിരോധത്തിന്റെ പ്രതീകമായി ഉയര്‍ത്തുന്നതും വെട്ടുകത്തിയാണ്.

ഒഴിവുദിവസത്തെ കളി – പത്തു പേരോടെങ്കിലും പറയണേ…

Sanal3
തിരുവനന്തപുരം അടക്കം കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ 25 തിയറ്ററുകളിലാണ് ഒഴിവുദിവസത്തെ കളി ആദ്യ പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ കണ്ടവര്‍ വാതോരാതെ പറയുന്ന ഒരഭിപ്രായമാണ് ഈ സിനിമയുടെ പരസ്യവാചകം- ഇതുപോലൊരു സിനിമ കണ്ടിട്ടില്ല…  ഓരോ പ്രദേശത്തെയും സിനിമാസ്‌നേഹികള്‍ ചുറ്റുപാടുമുള്ള പത്തു പേരോടെങ്കിലും ഒഴിവുദിവസത്തെ കളിയെക്കുറിച്ച് പറയണേ. ആദ്യദിനങ്ങളില്‍ തന്നെ തിയറ്ററുകളില്‍ ചെന്ന് സിനിമ കാണാന്‍ അഭ്യര്‍ഥിക്കുകയും വേണം.  തങ്ങള്‍ക്ക് മനസിലാകാത്ത സിനിമയിലേക്ക് വിളിച്ചുകയറ്റി സമയം കളഞ്ഞൂ എന്ന് ആരും പരാതിപ്പെടില്ലെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.

ഒഴിവുദിവസത്തെ കളി- ആഷിക് അബു അവതരണം, ഫഹദ്, മുരളീ ഗോപി, മമ്മൂട്ടി മുതലായവരുടെ പിന്തുണ

മലയാളസിനിമയുടെ വളര്‍ച്ചയില്‍ ഒഴിവുദിവസത്തെ കളി ഒരു വലിയ പരീക്ഷണം സമ്മാനിക്കുന്നുവെന്നതില്‍ സംശയമില്ല. മുഖ്യധാരയിലുള്ള സംവിധായകനായ ആഷിക് അബുവാണ് ചിത്രം അവതരിപ്പിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ നല്ല വാക്കുകള്‍ സിനിമയ്ക്ക് നല്ല പിന്തുണ നല്‍കി. എന്‍.എസ് മാധവന്‍, ഫഹദ് ഫാസില്‍, മുരളീ ഗോപി എന്നിവര്‍ക്കൊപ്പം  മമ്മൂട്ടിയും ഈ സിനിമയെ ചേര്‍ത്തുപിടിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചു. വര്‍ത്തമാനകാലത്ത് വളരെ പ്രസക്തിയുള്ള ഈ കാട്ടുസിനിമ (വൈല്‍ഡ് സിനിമ) മുന്നോട്ടു കൊണ്ടുപോകേണ്ട ദൗത്യം ഇനി പ്രേക്ഷകര്‍ ഏറ്റെടുക്കട്ടെ. ഇക്കഴിഞ്ഞ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര പട്ടികയിലും മികവിന്റെ പര്യായമായി വാഴ്ത്തപ്പെട്ട ഒഴിവുദിവസത്തെ കളി തിയറ്ററുകളിലും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുമെന്ന പ്രതീക്ഷയിലാണ് സനല്‍കുമാര്‍ ശശിധരനും സഹപ്രവര്‍ത്തകരും.

സിനിമ കാണാനും എടുക്കാനും ഓടിനടന്ന, സിനിമ  കൂടുതല്‍ കൂടുതല്‍ ജനകീയമാകണം എന്ന ഉദ്ദേശ്യത്തോടെ സിനിമാവണ്ടിയുമായി നാടായ നാടു മുഴുവന്‍ ചുറ്റി സിനിമ കാണിച്ച, ഈ നല്ല സിനിമാക്കാരന്‍ അക്ഷരാര്‍ഥത്തില്‍ പുതിയ ചരിത്രം രചിക്കുകയാണ്.

Related posts