കൊച്ചി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നാളെ ഓട്ടോറിക്ഷാ, ടാക്സി തൊഴിലാളികള്‍ പണിമുടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടാക്സികളായ ഓല, യൂബര്‍ എന്നിവ സര്‍വീസ് നടത്തുന്ന അരൂര്‍ മുതല്‍ എയര്‍പോര്‍ട്ട് വരെയും, തൃപ്പൂണിത്തുറ മുതല്‍ പറവൂര്‍ വരെയുമുള്ള ഭാഗങ്ങളിലെ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ ട്രിപ്പുകള്‍, ആശുപത്രി, മറ്റ് അവശ്യ സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിനോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 4.30ന് രാജേന്ദ്ര മൈതാനിയില്‍ നിന്നു മറൈന്‍ഡ്രൈവിലേക്ക് പ്രതിഷേധ വാഹനറാലി നടത്തും. സംയുക്ത സമരസമിതി ചെയര്‍പേഴ്സണ്‍ ടി.ബി. മിനി, കെടിഒഎ സംസ്ഥാന പ്രസിഡന്റ് സോളി ജോര്‍ജ്, ജോണ്‍ ജേക്കബ്, എം.ജെ. ടിറ്റോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.